അസാമിൽ രണ്ട് സീറ്റുകളിൽ സിപിഐ എം വിജയപ്രതീക്ഷയിൽ
ഗുവാഹത്തി > അസാം നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്ന ഉറപ്പിൽ സിപിഐ എം. മത്സരിച്ച രണ്ട് സീറ്റുകളിലും പാർടി സ്ഥാനാർഥികൾക്ക് വിജയപ്രതീക്ഷയാണുള്ളത്. മുൻപ് പലകുറി ജയിച്ചിട്ടുള്ള സൊർബോഗ്, രംഗിയ മണ്ഡലങ്ങളിലാണ് പാർടി ഇക്കുറി മത്സരിക്കുന്നത്. സൊർബോഗിൽ മനോരഞ്ജൻ തലുക്ദറും, രംഗിയയിൽ ഡോ. ഭഗ്വാൻ ദേവ് മിശ്രയുമാണ് സ്ഥാനാർഥികൾ. സിപിഐയും കോൺഗ്രസും എഐയുഡിഎഫും ഉൾപ്പെട്ട സഖ്യത്തിൽ ഈ രണ്ട് സീറ്റുകളിലാണ് സിപിഐ എം സ്ഥാനാർഥികൾ മത്സരിച്ചത്.
മനോരഞ്ജൻ തലുക്ദർ, ഡോ. ഭഗ്വാൻ ദേവ് മിശ്ര
2016 ലും സൊർബോഗിൽ മത്സരിച്ച മനോരഞ്ജൻ തലുക്ദർ മുപ്പതിനായിരത്തോളം വോട്ടുനേടി മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. 2011 ലും അദ്ദേഹം തന്നെയായിരുന്നു സ്ഥാനാർഥി. സിപിഐ എം ഹാട്രിക് വിജയം നേടിയിട്ടുള്ള മണ്ഡലം കൂടിയാണിത്.1978, 1983, 1985, 1996, 2006 തെരഞ്ഞെടുപ്പുകളിലാണ് സൊർബോഗിൽ സിപിഐ എം സ്ഥാനാർഥികൾ വിജയിച്ചിട്ടുള്ളത്. നാല് തവണ ഹെമൻ ദാസും 2006ൽ ഉത്തബ് ബർമ്മനും ഇവിടെ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിറ്റിങ് എംഎൽഎയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ രഞ്ജീത് ദാസ് ഇവിടെനിന്ന് സീറ്റ് മാറി പടജർപുജിയിലാണ് ഇത്തവണ മത്സരിക്കുന്നത്.
സൊർബോഗിലെ തെരഞ്ഞെടുപ്പ് യോഗത്തിൽനിന്ന്
രംഗിയ മണ്ഡലത്തിലും 1967, 1978, 1983, 2006 തെരഞ്ഞെടുപ്പുകളിൽ സിപിഐ എം സ്ഥാനാർഥികൾ ജയിച്ചിട്ടുണ്ട്. ഡോ. ഭഗ്വാൻ ദേവ് മിശ്ര ജനകീയ ഡോക്ടറായി അറിയപ്പെടുന്ന വ്യക്തിയാണ്. ഏപ്രിൽ ആറിനായിരുന്നു മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പ് അസമിൽ അവസാനിച്ചത്.
Credits National || Deshabhimani Online News https://ift.tt/3t2VGlS
Comments