കേന്ദ്രം പ്രാണനും പ്രാണവായുവും കച്ചവടം നടത്തുന്നു : ടി എം തോമസ് ഐസക്
തിരുവനന്തപുരം
പ്രാണനും പ്രാണവായുവുംവച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കോവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ നാണംകെട്ടുനിൽക്കുന്നു. വൈറസിനേക്കാൾ മഹാവ്യാധിയായി പിടിപ്പുകേടും കെടുകാര്യസ്ഥതയും നിറഞ്ഞുനിൽക്കുകയാണെന്നും ഫെയ്സ്ബുക്കിൽ ഐസക് കുറിച്ചു.
രോഗികളും മരണസംഖ്യയും കുതിച്ചുയരുന്ന സാഹചര്യത്തെ നേരിടാനുള്ള പ്രാപ്തിയോ ദീർഘവീക്ഷണമോ താൽപ്പര്യമോ കേന്ദ്ര ഭരണാധികാരികൾക്കില്ല. ലോകത്തിന്റെ വാക്സിൻ തലസ്ഥാനമാണ് ഇന്ത്യ. ഇവിടെനിന്നാണ് കുറഞ്ഞ വിലയ്ക്ക് വാക്സിനുകൾ ലോകമെമ്പാടും ലഭ്യമാക്കുന്നത്. ആ രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും കോവിഡ് വാക്സിൻ നിഷേധിക്കപ്പെടുന്നു. ശേഷിയുള്ളത്രയും വാക്സിൻ നിർമിക്കുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ തടസ്സമാകുന്നു. പ്രാണവായു ലഭിക്കാതെ ജനങ്ങൾ പിടഞ്ഞുമരിക്കുമ്പോൾ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളുടെ ചുവപ്പുനാട വലിച്ചുമുറുക്കി രസിക്കുന്നു.
വാക്സിൻ നിർമാണത്തിൽ പൊതുമേഖലയെ വിശ്വാസത്തിലെടുക്കാൻ ഒരുഘട്ടത്തിലും തയ്യാറായില്ല. ഡിസംബറിൽ ഇന്ത്യയുടെ വാക്സിന് അനുമതി ലഭിച്ചിട്ടും ഭാരത് ബയോടെക്കിന്റെ ബംഗളൂരു യൂണിറ്റിൽ വാക്സിൻ നിർമാണത്തിൽ ഇപ്പോഴും ആലോചനമാത്രമേയുള്ളൂ. മരണസംഖ്യ കുതിച്ചുയരുമ്പോഴും വാക്സിൻ വിതരണ അളവിൽ കടുത്ത സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുക്കുന്നു. കേരളത്തിന് ഒരുകോടി വാക്സിൻ വിപണിയിൽനിന്ന് നേരിട്ടുവാങ്ങാനും ജൂൺവരെ കാത്തിരിക്കേണ്ടിവരുമത്രേ.
നവംബറിൽ ലഭിച്ച സ്പുട്നിക്കിന്റെ അപേക്ഷയിൽ ഏപ്രിൽവരെ തീരുമാനമെടുക്കാതെ കാത്തിരുന്നതും കാര്യങ്ങളുടെ സുതാര്യമില്ലായ്മ വ്യക്തമാക്കുന്നെന്നും തോമസ് ഐസക് വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3nC1il5
Comments