രാജ്യം മാരക ദുരിതത്തിൽ; മോ‍ഡി വോട്ട് പിടിത്തത്തില്‍

ന്യൂഡൽഹി > രാജ്യത്ത് കോവിഡ് പ്രതിസന്ധി അപകടകരമായി തുടരുമ്പോഴും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര് ബംഗാളിൽ പ്രചാരണത്തിരക്കിൽ. കോവിഡ് ആവശ്യങ്ങളുമായി മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചാൽ കിട്ടാത്ത സ്ഥിതി. കൂടുതൽ മെഡിക്കൽ ഓക്സിജൻ തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച പ്രധാനമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ബംഗാളിൽ പ്രചാരണത്തിരക്കിലായിരുന്നു മോഡി. ശനിയാഴ്ച ബംഗാളിൽ രണ്ട് റാലിയില് മോഡി സംസാരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ചയും ബംഗാളിൽ പൊതുയോഗങ്ങളും റോഡ്ഷോകളും നടത്തി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സിപിഐ എം ബംഗാളിൽ വലിയ റാലികൾ ഉപേക്ഷിച്ചിതായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും റാലികൾ ഉപേക്ഷിച്ചു.എന്നാൽ, ബിജെപിയും മോഡിയും ഇതിന് തയ്യാറല്ല. മൂന്ന് ഘട്ടംകൂടി ശേഷിക്കുന്ന ബംഗാളിൽ മോഡി ആറ് റാലിയിൽക്കൂടി പങ്കെടുക്കും. അമിത് ഷായും നിരവധി റാലികളിൽ പങ്കെടുക്കും. ബം​ഗാള് തെരഞ്ഞെടുപ്പ് തീരുംവരെ മോഡിയും അമിത് ഷായും പ്രചാരണത്തിരക്കിലാണ്. വിമർശം ശക്തമായതോടെ മോഡി ശനിയാഴ്ച രാത്രി തിരക്കിട്ട് ഉന്നതതല യോഗം വിളിച്ചു.

മോഡി തെര. പ്രചാരകന് മാത്രമായി: യെച്ചൂരി

ന്യൂഡൽഹി > രാജ്യം പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരില്ലാത്ത സ്ഥിതിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു. ജനങ്ങൾക്കുമേൽ ദുരിതം അടിച്ചേൽപ്പിക്കുന്ന ഒരു പിആർ ടീമും ഒരു തെരഞ്ഞെടുപ്പ് പ്രചാരകനും മാത്രമാണുള്ളത്. ഒരു പ്രധാനമന്ത്രി എന്നതിനേക്കാൾ തികച്ചും പക്ഷപാതിയായ തെരഞ്ഞെടുപ്പ് പ്രചാരകൻമാത്രമായി മോഡി മാറി. പ്രചാരണത്തിനുമാത്രമാണ് അദ്ദേഹം പ്രാമുഖ്യം നൽകുന്നത്. മുഖ്യമന്ത്രിമാർക്കുപോലും അദ്ദേഹത്തെ ലഭ്യമല്ലാതായി. ഇന്ത്യയിലെ ജീവനുകളേക്കാൾ വലുതാണോ മോഡിയുടെയും ഷായുടെയും റാലികൾ–- യെച്ചൂരി ചോദിച്ചു.

മോഡിക്ക് കത്തെഴുതി മൻമോഹൻ

സ്വന്തം ലേഖകൻ
ന്യൂഡൽഹി > കോവിഡ് പ്രതിരോധത്തിന് അഞ്ച് മാർഗം നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കത്ത്. വാക്സിനേഷൻ വ്യാപകമാക്കുക, ആറ് മാസത്തേക്കുള്ള വാക്സിൻ ഓർഡര് പ്രസിദ്ധപ്പെടുത്തുക, സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിതരണം ഏതുവിധമെന്ന് മുൻകൂട്ടി അറിയിക്കുക, കോവിഡ് മുൻനിര പ്രവർത്തകരെ നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾക്കുകൂടി അധികാരം നൽകുക, വാക്സിൻ നിർമാതാക്കളെ സർക്കാർ സഹായിക്കുക എന്നിവയാണ് നിർദേശങ്ങള്.

നൽകിയ വാക്സിനുകളുടെ എണ്ണത്തിൽ ശ്രദ്ധിക്കാതെ ജനസംഖ്യയിൽ എത്ര ശതമാനം പേരിലേക്ക് വാക്സിൻ എത്തി എന്നതിന് പ്രാമുഖ്യം നൽകണം. ആറുമാസത്തേക്കുള്ള വാക്സിൻ ഓർഡർ പ്രസിദ്ധപ്പെടുത്തുന്നത് ശരിയായ ആസൂത്രണത്തിന് സഹായകമാകും. സംസ്ഥാനങ്ങൾക്ക് ഏതുവിധം ഇവ നല്കുമെന്ന് മുൻകൂട്ടി അറിയിക്കണം. 10 ശതമാനം വാക്സിൻ അടിയന്തര ആവശ്യത്തിന് മാറ്റിവയ്ക്കാം.

കൂടുതൽ കമ്പനികൾക്ക് വാക്സിൻ ഉൽപ്പാദിപ്പിക്കാനാകുംവിധം നിർബന്ധിത ലൈസൻസിങ് സംവിധാനം കൊണ്ടുവരണം. ഉപയോഗാനുമതി ലഭിച്ച എല്ലാ വാക്സിനും രാജ്യത്ത് പ്രത്യേക കുത്തിവയ്പ് പരീക്ഷണം നടത്താതെ അനുമതി നൽകണം–- കത്തിൽ പറയുന്നു.

അടച്ചുപൂട്ടല് വേണ്ടെന്ന് അമിത് ഷാ

സ്വന്തം ലേഖകൻ
ന്യൂഡൽഹി > രാജ്യത്ത് അടിയന്തരമായി സമ്പൂർണ അടച്ചുപൂട്ടൽ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ‘കോവിഡിന് എതിരെ പ്രതിരോധപ്രവർത്തനം മുന്നേറുകയാണ്. ഈ യുദ്ധത്തിൽ രാജ്യം വിജയിക്കും’–- അമിത് ഷാ ദേശീയമാധ്യമത്തോട് പറഞ്ഞു. കോവിഡ് വ്യാപനത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് നടക്കാത്ത മഹാരാഷ്ട്രയിലാണ് കൂടുതല് രോ​ഗികളെന്നും അമിത് ഷാ പറഞ്ഞു.

കുംഭമേള: പരിശോധന നിർബന്ധമാക്കി

ന്യൂഡൽഹി > ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക് കോവിഡ് പരിശോധനയും സമ്പര്ക്കവിലക്കും നിർബന്ധമാക്കി സംസ്ഥാനങ്ങൾ. ഡൽഹി, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് കര്ശന നിയന്ത്രണം. മടങ്ങിയെത്തുന്നവര്ക്ക് ഡൽഹി സർക്കാർ രണ്ടാഴ്ച സമ്പര്ക്കവിലക്ക് നിർബന്ധമാക്കി.

മഹാരാഷ്ട്രയിൽ സമ്പര്ക്കവിലക്കിനൊപ്പം കോവിഡ് പരിശോധനയും. ഗുജറാത്തിലും പരിശോധന നിർബന്ധം. 330 പേരെ പരിശോധിച്ചതിൽ 33 പേർക്ക് രോഗം.

ഹരിദ്വാറില്നിന്നെത്തിയ സന്യാസി ജബൽപ്പുരിൽ കോവിഡ് ബാധിച്ച് മരിച്ചു. മടങ്ങിയെത്തിയ എല്ലാവരെയും പരിശോധിക്കാന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ നിർദേശിച്ചു.

തമിഴ്നാട്ടിൽ പ്രതിരോധത്തിന് നാഥനില്ല

കോയമ്പത്തൂർ > കോവിഡ് രണ്ടാംതരംഗം ശക്തിപ്രാപിച്ചതോടെ തമിഴ്നാട്ടിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഞായറാഴ്ച 10,694 രോഗികൾ. ശനിയാഴ്ച 9834 പേർക്കാണ് സ്ഥിരീകരിച്ചത്. രണ്ടാംതരംഗം പ്രതിരോധിക്കാൻ നടപടികളില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല് ഭരണ നേതൃത്വം നിർജീവമാണ്. തീരുമാനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നുമില്ല. സർക്കാർ പുറത്തുവിടുന്ന കണക്കുകൾ കള്ളമെന്ന് ആരോഗ്യ പ്രവർത്തകർതന്നെ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച സംസ്ഥാനത്ത് 39 കോവിഡ് മരണമെന്നാണ് സർക്കാർ കണക്ക്. എന്നാൽ, മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 19 പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ള ചെന്നൈയിൽ മരണം ഇതിലും കൂടുതലാകുമെന്ന് ആരോ​ഗ്യ പ്രവര്ത്തകര് പറയുന്നു.

മാസ്ക് ധരിക്കാന് മിക്കയിടത്തും ജനങ്ങള് തയ്യാറാകുന്നില്ല. മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടിയുമില്ല. കോവിഡ് മാനദണ്ഡങ്ങൾ ശക്തമായി നടപ്പാക്കാൻ ആളുകൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു.

ആശുപത്രി വാർഡുകളിൽ രോഗികൾക്ക് ചൂടുവെള്ളം പോലും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുമുണ്ട്. സമയത്തിന് ഭക്ഷണം കിട്ടുന്നില്ല. കലക്ടർമാർ ഉത്തരവിറക്കുക മാത്രമാണ് ചെയ്യുന്നത്.

കർണാടകയിൽ 19,000 രോഗികൾ

ബംഗളൂരു > കർണാടകത്തിൽ ഞായറാഴ്ച 19,067 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവർ 11,61,065 ആയി. ആകെ മരണം 13,351. ഞായറാഴ്ചമാത്രം കോവിഡിന് ഇരയായത് 81 പേർ. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സാമൂഹ്യവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. സ്ഥിതി ഗുരുതരമായ ബംഗളൂരുവിൽ കടുത്ത നടപടിയുണ്ടാകും. നഗരം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി ചർച്ച നടത്തി. ആശുപത്രികൾക്ക് കൂടുതൽ ഓക്സിജൻ ലഭ്യമാക്കാൻ വ്യവസായമന്ത്രിയുമായി ചർച്ച ചെയ്യും. കേന്ദ്രം 300 ടൺ ഓക്സിജൻ അനുവദിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മുഖ്യമന്ത്രിക്കു പകരം റവന്യൂമന്ത്രി എ അശോകയുടെ അധ്യക്ഷതയിലായിരിക്കും യോഗം.



Credits National || Deshabhimani ​Online ​News https://ift.tt/3v6VMK5

Comments

Archive

Contact Form

Send