കോൺഗ്രസ്‌ - ബിജെപി വോട്ടുകച്ചവടം ജനം തള്ളും: എ വിജയരാഘവൻ

മലപ്പുറം > നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം വളരെ അപഹാസ്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തലശേരിയിലെ മനസാക്ഷി വോട്ട് പോകേണ്ടത് ഏത് വഴിക്കാണെന്ന് കെ സുധാകരന്റെ പ്രസ്താവനയിൽനിന്ന് വ്യക്തമാണ്. എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാനാകണം മനസാക്ഷി വോട്ടെന്നാണ് കെ സുധാകരൻ പറയുന്നത്. ബിജെപിയുടെ പത്രിക തള്ളിപ്പോയത് യാദൃശ്ചികമല്ല.

തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ്–- ബിജെപി കൂട്ടുകെട്ട് ഉണ്ടായി. വോട്ട് കച്ചവടം നടത്താൻ തീരുമാനിച്ചശേഷം കോൺഗ്രസ് നേതാക്കൾ വിചിത്രമായ പ്രസ്താവനകളാണ് നടത്തുന്നത്. യുഡിഎഫ്–- ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചത്. ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ല. ജനങ്ങൾ അതിന് മുകളിൽ വോട്ടുചെയ്യും. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയെ താഴ്ത്തിക്കെട്ടാൻ മുല്ലപ്പള്ളി ശ്രമിക്കുന്നു. രാഷ്ട്രീയ ഉള്ളടക്കമുള്ള ശക്തനായ സ്ഥാനാർഥിയാണ് അവിടെ എൽഡിഎഫിനുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓരോ ഘട്ടം കഴിയുംതോറും എൽഡിഎഫിന്റെ സ്വീകാര്യത വർധിച്ചു. മുഖ്യമന്ത്രിയുടെ പര്യടനങ്ങളിൽ വലിയ ജനപങ്കാളിത്തമുണ്ടായി. പ്രതിപക്ഷത്തിന് രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. പ്രതിപക്ഷ നേതാവ് വിലകുറഞ്ഞ അപവാദ പ്രചാരണങ്ങളിലാണ് ശ്രദ്ധയൂന്നിയത്. ബിജെപിക്ക് നിലവിലുള്ള സീറ്റും നഷ്ടമാകും. മികച്ച വിജയമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

രാഹുലും പ്രിയങ്കയും കൂടുതൽ റോഡ് ഷോ നടത്തിയ അമേഠിയിൽപോലും നേട്ടം കൈവരിക്കാൻ കോൺഗ്രസിനായില്ല. തീവ്രഹിന്ദുത്വമാണ് ബിജെപി നയമെങ്കിൽ മൃദുഹിന്ദുത്വമാണ് കോൺഗ്രസിന്റെയും രാഹുലിന്റെയും നയം. ഇടതുപക്ഷത്തിന് ഉറച്ച രാഷ്ട്രീയ നിലപാടാണ് ഉള്ളത്. അതിന് സമൂഹത്തിൽനിന്ന് കൂടുതൽ സ്വീകാര്യത കിട്ടി. ഇടതുപക്ഷത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. മലപ്പുറത്തും ഇടതുപക്ഷത്തിന് സീറ്റ് വർധിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wrFjBu

Comments

Archive

Contact Form

Send