ഷാജിയുടെ വീടുകള്‍ അളക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും; ഭാര്യയെ വിജിലന്‍സ് ചോദ്യം ചെയ്യും
കോഴിക്കോട് > അനധികൃത സ്വത്ത് സമ്പാദനക്കേസില് ആരോപണ വിധേയനായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്എയുടെ വീടുകള് അളന്ന് തിട്ടപ്പെടുത്താന് പൊതുമരാമത്ത് വകുപ്പിന് വിജിലന്സ് കത്ത് നല്കും.
കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള് അളക്കാനാണ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുക. അനുമതി നല്കിയതിലും കൂടുതല് വിസ്തീര്ണത്തില് ഷാജി വീടുകള് നിര്മിച്ചെന്ന് സ്ഥിരീകരിച്ചതിനെത്തുടര്ന്നാണിത്. ഫര്ണിച്ചര് അളന്ന് തിട്ടപ്പെടുത്താനും ആവശ്യപ്പെടും.
ഷാജിയുടെ ഭാര്യയെ അന്വേഷണ സംഘം ഉടന് ചോദ്യം ചെയ്യും. പിടിച്ചെടുത്ത രേഖകളില് പലതും ഷാജിയുടെ ഭാര്യയുടെ പേരിലായതിനാലാണിത്. കോഴിക്കോട്ടെ വീടും ഷാജിയുടെ ഭാര്യയുടെ പേരിലാണ്. കോടികള് ചെലവഴിച്ച് നിര്മിച്ച ആഡംബര വീടില് വിലമതിക്കുന്ന ഫര്ണിച്ചറുകളുണ്ട്. വീടുകളുടെയും ഫര്ണിച്ചറുകളുടെയും മൂല്യം കണക്കാക്കി ലഭ്യമായാല് ഇതുസംബന്ധിച്ച റിപ്പോര്ട്ടും അന്വേഷണസംഘം വിജിലന്സ് പ്രത്യേക കോടതിയില് സമര്പ്പിക്കും.
ഷാജിയുടെ ഭാര്യയെ അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യും. ഇതോടൊപ്പം ഷാജിയെയയും വീണ്ടും ചോദ്യം ചെയ്യും.
ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള് റെയ്ഡ് ചെയ്ത് 77 രേഖകളും 48 ലക്ഷത്തോളം രൂപയും അടുത്തദിവസം വിജിലന്സ് സംഘം പിടികൂടിയിരുന്നു. വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാന് ഷാജിക്കായില്ല. കൂടുതല് രേഖകള് ഹാജരാക്കാന് ഒരാഴ്ച സമയം കോടതി അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി രണ്ടുദിവസത്തിനകം തീരും. ഇതിനുശേഷമാകും ചോദ്യം ചെയ്യലിന്റെ തീയതി തീരുമാനിക്കുക.
Credits Kerala || Deshabhimani Online News https://ift.tt/3dAg0pD
Comments