ഡൽഹിയിൽ പ്രാണവായു കിട്ടാതെ 12 മരണംകൂടി ; ഉത്തർപ്രദേശിൽ 15 മരണം
ന്യൂഡൽഹി
ഓക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലെ ബത്രാ ആശുപത്രിയിൽ പ്രാണവായു കിട്ടാതെ 12പേർ കൂടി മരിച്ചു. മരിച്ചവരിൽ ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം തലവൻ ഡോ. ആർ കെ ഹിമ്താനിയും. ശനിയാഴ്ച പകൽ 11.45 ഓടെ ആശുപത്രിയിലെ ഓക്സിജൻ തീർന്നു. ടാങ്കറെത്തി ഓക്സിജൻ വിതരണം പുനഃസ്ഥാപിച്ചത് പകൽ 1.30ന്. ഇതിനിടെയിലെ ഒരുമണിക്കൂർ 20 മിനിറ്റിനുള്ളിലാണ് തീവ്രപരിചരണവിഭാഗത്തിലടക്കം ഉള്ള രോഗികള്ക്ക് ജീവൻ നഷ്ടമായത്. ഇതോടെ എട്ടുദിവസത്തിനിടെ ഓക്സിജന് കിട്ടാതെ ഡല്ഹിയിലെ മൂന്ന് ആശുപത്രിയില് മരിച്ചവരുടെ എണ്ണം 57ആയി.
ഒരാഴ്ചയിൽ ഇത് രണ്ടാംതവണയാണ് ബത്ര ആശുപത്രിയിൽ ഓക്സിജൻ പൂർണമായും ഇല്ലാതാകുന്നത്. ഏപ്രിൽ 23ന് രാത്രി ഡൽഹിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജൻ വിതരണം തകരാറിലായി 20 രോഗി മരിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ ഗംഗാറാം ആശുപത്രിയിൽ 25പേര് മരിച്ചു. ഡൽഹിയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അവകാശപ്പെട്ടിരുന്നു. എന്നാൽ, പല ആശുപത്രികളിലും അതത് ദിവസം കഴിയാനുള്ള കഷ്ടി ഓക്സിജൻ മാത്രമാണുള്ളത്. ആശുപത്രികളിലെ സ്റ്റോക്ക് തീർന്നശേഷമാണ് പലപ്പോഴും ടാങ്കറുകളിൽ ഓക്സിജൻ എത്തിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ടാങ്കറുകൾ വൈകിയാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ കടുത്ത ഭീഷണിയാണ് നേരിടുന്നത്.
ഉത്തർപ്രദേശിൽ 15 മരണം
ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി പേർ മരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 പേർ മരിച്ചത് ഓക്സിജൻ ക്ഷാമത്തെ തുടർന്നാണെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ ഓക്സിജൻ തീർന്നതിനെ തുടർന്നാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ജില്ലാഭരണാധികാരികള് ആരോപണങ്ങൾ നിഷേധിച്ചു.
മറ്റ് കാരണങ്ങൾ കൊണ്ടാണ് മരണങ്ങളെന്ന് അവർ അവകാശപ്പെട്ടു. ആറ് മരണത്തിൽ അന്വേഷണം തുടങ്ങി. ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓക്സിജൻ ക്ഷാമത്തെ കുറിച്ച്സാ മൂഹ്യമാധ്യമങ്ങളിൽ കുറിച്ചാല് നിയമനടപടി സ്വീകരിക്കുമെന്നാണ് ഭീഷണി.
Credits National || Deshabhimani Online News https://ift.tt/3ebz5yJ
Comments