ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ; 5 ശതമാനംപേരിൽ ന്യുമോണിയ
തിരുവനന്തപുരം
കോവിഡ് പോസിറ്റീവാകുന്ന അഞ്ച് മുതൽ പത്തുശതമാനം പേരിലെങ്കിലും ന്യുമോണിയ ബാധയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ. രക്തത്തിലെ ഓക്സിജൻ അളവ് 93ൽ കുറഞ്ഞാൽ ഇത് ന്യുമോണിയയ്ക്ക് കാരണമായേക്കാം. ആദ്യഘട്ടത്തിൽ ഇതര രോഗങ്ങൾ ഉള്ളവർക്കും പ്രായമായവർക്കും ആയിരുന്നു ഭീഷണിയെങ്കിൽ രണ്ടാം തരംഗത്തിൽ യുവാക്കളിലും ന്യുമോണിയ ബാധ കൂടുതൽ കാണുന്നുണ്ട്.
കോവിഡ് ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്. ഇത് തന്നെയാണ് ന്യുമോണിയയായി മാറാനും കാരണം. സാധാരണ ന്യുമോണിയ ബാക്ടീരിയ മൂലം ഉണ്ടാകുന്നതാണ്. ഇതിനെ ആന്റിബയോട്ടിക്കിൽ ഭേദമാക്കാനാകും. എന്നാൽ കോവിഡിന് അനുബന്ധമായി സ്ഥിരീകരിക്കുന്ന ന്യുമോണിയ വൈറസ് ന്യുമോണിയയാണ്. ഇതിന് മരുന്നില്ല–- തിരുവനന്തപുരം മെഡിക്കൽ കോളേജ് ശ്വസന വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. ജയപ്രകാശ് പറഞ്ഞു.
വൈറസ് ന്യുമോണിയ മനുഷ്യന്റെ പ്രതിരോധശക്തിയെ പ്രതികൂലമായി ബാധിക്കുകയും പ്രായമായവരിലും പ്രമേഹമടക്കമുള്ള രോഗികളിലും അതിഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ രണ്ടാം തരംഗത്തിൽ ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച യുവാക്കളിലും ന്യുമോണിയ കൂടുതലായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യുമോണിയ ബാധിക്കുന്നവരിൽ ഒരു വിഭാഗത്തിന് ഇത് ബ്രോങ്കൈറ്റിസായി വന്നുപോകും, ഇത് അപകടകരമല്ല. വ്യക്തിയുടെ രോഗപ്രതിരോധശേഷിയെയാണ് ഇത് ബാധിക്കുന്നത്. ശ്വാസകോശത്തെ എത്ര ശതമാനം ബാധിക്കുന്നു എന്നതനുസരിച്ചാണ് ന്യുമോണിയയുടെ കാഠിന്യം വർധിക്കുക. ഫലപ്രദമായ മരുന്ന് ലഭ്യമല്ലാത്തതിനാൽ ഓക്സിജൻ അളവ് നിരീക്ഷിച്ച് എത്രയുംവേഗം ചികിത്സ തേടുകയാണ് ഏക മാർഗം.
Credits Kerala || Deshabhimani Online News https://ift.tt/2QYCuIs
Comments