കോവിഡ് കാലത്ത് സർക്കാർ നൽകിയത് 8.20 കോടി ഭക്ഷ്യക്കിറ്റ്
തിരുവനന്തപുരം
കോവിഡ് കാലത്ത് പട്ടിണി ഇല്ലാതിരിക്കാൻ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയത് 8.20 കോടി ഭക്ഷ്യക്കിറ്റ്. അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കി അടുത്ത അഞ്ച് വർഷത്തേക്കുള്ള ജനവിധിക്കായി നാട് കാതോർക്കുമ്പോഴും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നടപടികൾ തുടരുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ്. മാർച്ചിൽ 79 ലക്ഷം പേരും ഏപ്രിലിൽ 70 ലക്ഷം പേരും കിറ്റ് വാങ്ങി. മാർച്ചിലെ കിറ്റ് വാങ്ങാത്തവർക്ക് മെയ് നാല് വരെ വാങ്ങാൻ അവസരമുണ്ട്. ഏപ്രിൽ കിറ്റ് തുടർന്നും ലഭിക്കും.
കോവിഡ് കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമായാണ് കിറ്റ് വിതരണം തുടങ്ങിയത്. ലോക്ഡൗണിൽ ബുദ്ധിമുട്ടിയ ജനങ്ങൾക്ക് ആശ്വാസമായാണ് കിറ്റ് വിതരണം തുടങ്ങുന്നത്. 2020 ഏപ്രിൽ മുതൽ റേഷൻ കടകൾ വഴി സൗജന്യ കിറ്റ് വിതരണം തുടങ്ങി. കിറ്റ് വിതരണത്തിനുമാത്രം സർക്കാർ 5000 കോടി രൂപ ചെലവഴിച്ചു. ഇതിനുപുറമെ സാമൂഹ്യ അടുക്കളകൾക്കും അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും അതിഥിത്തൊഴിലാളികൾക്കുമെല്ലാം സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകി.
റേഷൻ കാർഡില്ലാത്തവർക്കും ഭക്ഷ്യധാന്യം ഉറപ്പാക്കി. റേഷൻ കാർഡില്ലാത്തവർക്ക് അതിവേഗം കാർഡ് നൽകാൻ ക്രമീകരണം ഒരുക്കി. 2016ൽ 83,25016 റേഷൻ കാർഡുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കാർഡ് എണ്ണം 90 ലക്ഷം കടന്നു. സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാനാകുന്ന ഇ റേഷൻ കാർഡും അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ കിറ്റിൽ കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങളാണെന്നായിരുന്നു സംഘപരിവാർ വിമർശനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇല്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. കോവിഡ് അതിരൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നും കേരളം നൽകിയതുപോലുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടക്കുന്നില്ല.
പിഎംജികെഎവൈ പദ്ധതി പ്രകാരം കേന്ദ്രം മുൻഗണനാ കാർഡുകാർക്ക് മാത്രം നൽകിയിരുന്ന ധാന്യവിതരണം നിർത്തുകയും ചെയ്തു. കിറ്റ് വിതരണം വോട്ട് നേടാനാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനുശേഷവും കിറ്റ് വിതരണം തുടരുകയാണ്.
Credits Kerala || Deshabhimani Online News https://ift.tt/3382Eee
Comments