വിദ്യാലയംതന്നെ, ആതുരാലയവും ; കോവിഡ്‌ പ്രതിരോധത്തിന്റെ കെഎംഎംഎൽ മാതൃക ; ആശുപത്രിയിൽ ഓക്‌സിജൻ സൗകര്യത്തോടെ 850 കിടക്ക


കൊല്ലം
നാടാകെ അടച്ചുപൂട്ടലിൽ അമരുമ്പോൾ പ്രതീക്ഷയുടെ വേറിട്ടവഴി തുറക്കുകയാണ് ചവറ കെഎംഎംഎൽ. ഓക്സിജൻ സൗകര്യത്തോടെ 850 കിടക്കയുള്ള കോവിഡ് ആശുപത്രിയൊരുക്കുകയാണ് ഈ പൊതുമേഖലാ സ്ഥാപനം. ചവറ ബോയ്സ് ഹയര് സെക്കൻഡറി സ്കൂളില് 270 കിടക്കയും ഗേള്സ് ഹൈസ്കൂളില് നൂറ് കിടക്കയുമാണ് കെഎംഎംഎൽ ഒരുക്കിയത്.

ബോയ്സ് സ്കൂള് ഗ്രൗണ്ടിലും കെഎംഎംഎൽ റിക്രിയേഷന് ക്ലബ്ബിലുമായി 800 വീതം കിടക്കയുളള താൽക്കാലിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും. ആദ്യഘട്ടമായി 100 കിടക്ക തിങ്കളാഴ്ച സമർപ്പിക്കും. ഒരു കോടിയിലേറെരൂപ ചെലവുള്ള പദ്ധതി കോവിഡ് പ്രതിരോധരംഗത്ത് പുതിയ മാതൃകയാണ്. കോവിഡ് ആശുപത്രി തുറക്കുന്ന സംസ്ഥാനത്തെ ആദ്യ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതിയും കെഎംഎംഎല്ലിന് സ്വന്തം.

അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ക്രമീകരണങ്ങളും ഒരുക്കി. തടസ്സരഹിതമായ ഓക്സിജന് വിതരണവും കരുതല് ശേഖരവും മൊബൈല് ആംബുലന്സ് സംവിധാനവും തയ്യാറാക്കി. 100 ഐസിയു കിടക്ക, വെന്റിലേറ്റര് എന്നിവയും സജ്ജീകരിക്കും.

അനുബന്ധ സൗകര്യങ്ങളൊരുക്കാനും ഭക്ഷണ വിതരണത്തിനും 50 ലക്ഷം രൂപ അനുവദിച്ചു. ആശുപത്രി നടത്തിപ്പ് ജില്ലാ പഞ്ചായത്തിനാണ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദാണ് ആശുപത്രി നോഡൽ ഓഫീസർ. ആശുപത്രി ഡ്യൂട്ടിക്ക് ജില്ലാ പഞ്ചായത്തിലെയും സമീപ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെയും നിയോഗിക്കും. ഡോക്ടർമാരെയും നേഴ്സുമാരെയും എൻഎച്ച്എം നിയോഗിക്കും.

പ്ലാന്റിൽനിന്ന് 700 മീറ്റർ പൈപ്പ്ലൈൻ സ്ഥാപിച്ചാണ് ആശുപത്രിയിൽ ഓക്സിജനെത്തിക്കുന്നത്. ഓരോ കിടക്കയിലേക്കും കോപ്പർലൈനും ഓക്സിജൻ ഫ്ലോ കൺട്രോൾ മീറ്ററും സ്ഥാപിക്കും. എത്രയും വേഗം ആശുപത്രി ജില്ലാ പഞ്ചായത്തിനു കൈമാറുമെന്ന് കെഎംഎംഎൽ എംഡി ജെ ചന്ദ്രബോസ് പറഞ്ഞു.

ആവശ്യമെങ്കിൽ 20 ദിവസത്തിനുള്ളിൽ 2000 കിടക്ക സജ്ജമാക്കുമെന്ന് കലക്ടർ ബി അബ്ദുൽനാസർ പറഞ്ഞു. കലക്ടർ, നിയുക്ത എംഎൽഎ സുജിത് വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്കൂളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tyKGvS

Comments

Archive

Contact Form

Send