സംസ്ഥാനത്ത് ഒരുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം > ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര് നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില് അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില് വീണ്ടും ശക്തമായ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അതീവ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില് 64.5 mm മുതല് 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്ത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില് വലിയ അളവില് മഴ ലഭിച്ച പ്രദേശങ്ങളില് മഴ തുടരുന്ന സാഹചര്യത്തില് താഴ്ന്ന പ്രദേശങ്ങള്, നദീതീരങ്ങള്, ഉരുള്പൊട്ടല്-മണ്ണിടിച്ചില് സാധ്യതയുള്ള മലയോര പ്രദേശങ്ങള് തുടങ്ങിയ ഇടങ്ങളിലുള്ളവര് അതീവ ജാഗ്രത പാലിക്കണം.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല് മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്, ശക്തമായ കാറ്റ് ജാഗ്രത നിര്ദേശങ്ങള് പാലിക്കുക. ഇടിമിന്നല് സമയത്ത് പുറത്തിറങ്ങുന്നത് കര്ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്ക്ക് അകത്തോ വാഹനങ്ങള്ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരണം.
Credits Kerala || Deshabhimani Online News https://ift.tt/3frABMi
Comments