വാക്സിനേഷൻ രജിസ്ട്രേഷൻ : വയോജനങ്ങള്ക്ക് സഹായകേന്ദ്രമൊരുക്കും : കെ കെ ശൈലജ
തിരുവനന്തപുരം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഗണന അർഹിക്കുന്ന വയോജനങ്ങളെ സഹായിക്കാൻ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ സഹായ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷന് വയോജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണിത്. സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളിലെ വയോക്ഷേമ കോൾ സെന്ററിനോടൊപ്പമാണ് സഹായകേന്ദ്രം ആരംഭിക്കുക. സാമൂഹ്യനീതി വകുപ്പ് ഇതിനുള്ള മാർഗനിർദേശം പുറത്തിറക്കി.
കിടപ്പുരോഗികൾ ഉൾപ്പെടെ സഹായം ആവശ്യമുള്ള വയോജനങ്ങൾക്ക് വാക്സിനേഷൻ രജിസ്ട്രേഷന് സഹായം നൽകും. സഹായകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ പരമാവധി മൂന്നുപേരെ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് നിയോഗിക്കാം. സായംപ്രഭ ഹോമുകളിലെ കെയർഗിവേഴ്സിനെയും സന്നദ്ധ വളന്റിയർമാർ, കുടുംബശ്രീ അംഗങ്ങൾ, മറ്റ് വളന്റിയർമാർ എന്നിവരെയും പരിഗണിക്കാം. വയോജനകോൾ സെന്ററുകളിൽ ലഭ്യമായ ഫോൺ നമ്പർ മുഖേന ഹെൽപ് ഡെസ്ക്കിൽനിന്ന് വയോജനങ്ങളെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ ഐഡി അവരെ അറിയിക്കും. ഈ ഐഡി ഉപയോഗിച്ച് വയോജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള വാക്സിനേഷൻ സെന്ററിൽനിന്ന് വാക്സിൻ എടുക്കാം.വാക്സിനേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിശദാംശങ്ങൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ജില്ലാ ഓഫീസർമാർ കൃത്യമായി മോണിറ്റർ ചെയ്യണം.
സഹായങ്ങൾ നൽകിയ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് സാമൂഹ്യനീതി വകുപ്പിൽ ലഭ്യമാക്കണം. ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ സഹായത്തോടെ ഫെസിലിറ്റേറ്റർമാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തി വയോജനങ്ങൾക്ക് പ്രത്യേക വാക്സിനേഷൻ സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള നടപടികളും ജില്ലാ സമൂഹ്യനീതി ഓഫീസർമാർ സ്വീകരിക്കണം.
വാക്സിൻ ക്ഷാമം
ഗുരുതര പ്രതിസന്ധി
കോവിഡ് വാക്സിൻ ക്ഷാമം കാരണം സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വേണ്ടത്ര വാക്സിൻ ലഭിക്കുന്നില്ല. നാലുലക്ഷം വാക്സിനാണ് സ്റ്റോക്കുള്ളത്.മട്ടന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല. ഓക്സിജൻ വിതരണം കാര്യക്ഷമമാക്കാൻ പ്രത്യേക സമിതിയുണ്ട്. 500 മെട്രിക് ടൺ ഓക്സിജൻ സ്റ്റോക്ക് നിലനിർത്തിയേ പുറത്തേക്ക് നൽകൂ. ആവശ്യത്തിന് ഐസിയു കിടക്കകളുമുണ്ട്. മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് . രണ്ടാം കോവിഡ് തരംഗത്തിന്റെ ആരംഭഘട്ടത്തിൽതന്നെ കൃത്യമായി ഇടപെട്ടു. ആർടിപിസിആർ പരിശോധനക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കുന്ന ലാബുകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കലക്ടർമാർ നടപടിയെടുക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ട്. രോഗവ്യാപന നിരക്ക് കുറയുന്നില്ലെങ്കിൽ സമ്പൂർണ ലോക്ഡൗൺ പരിഗണിക്കേണ്ടി വരും.
കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് തുടർഭരണമുണ്ടാകും. മട്ടന്നൂരിൽനിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3xGUG9K
Comments