ആശുപത്രികളിൽ അപകട സാധ്യത ഒഴിവാക്കും ;എല്ലാ ആശുപത്രിയും ടീം രൂപീകരിച്ച് ജില്ലാ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യണം
തിരുവനന്തപുരം
കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രികളിൽ ഓക്സിജൻ വിതരണവും കരുതൽ ശേഖരവും വർധിപ്പിച്ചതിനാൽ കർശന സുരക്ഷാസൗകര്യങ്ങളേർപ്പെടുത്താൻ നിർദേശം.
ഓക്സിജൻ വിതരണ സംവിധാനങ്ങളിലെ ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്സിജൻ, വൈദ്യുതീകരണത്തിലെ പിഴവ്, ഉപകരണങ്ങളുടെ തെറ്റായ പ്രവർത്തനം എന്നിവയാലുള്ള അപകടങ്ങൾ ഒഴിവാക്കാനാണിത്. ആശുപത്രികളിലെ ഓക്സിജൻ പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവ അപകടത്തിനിടയാക്കും. ഇതൊഴിവാക്കി രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ടെക്നിക്കൽ ഏജൻസിയുടെ സഹായത്തോടെ ബയോ മെഡിക്കൽ എൻജിനിയർമാരുടെ നേതൃത്വത്തിൽ നിശ്ചിത കാലയളവിൽ ടെക്നിക്കൽ ഓഡിറ്റ് നടത്തണം. സർക്കാർ, സ്വകാര്യ ആശുപത്രികൾ രാസ അത്യാഹിതങ്ങൾ ഒഴിവാക്കാൻ അപകട സാധ്യത കണ്ടെത്തി പരിഹരിക്കണം. ഐസിയുകൾ, ഓക്സിജൻ വിതരണമുള്ള വാർഡുകൾ, ഓക്സിജന്റെയും രാസവസ്തുക്കളുടെയും സംഭരണം, ഗതാഗത സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. എർത്തിങ് ഉൾപ്പെടെയുള്ള വൈദ്യുത സംവിധാനത്തിലെ പ്രശ്നങ്ങളും പരിഹരിക്കണം. ജീവനക്കാർക്ക് മികച്ച പരിശീലനവും നൽകണം.
പ്രധാന നിർദേശങ്ങൾ
● ആശുപത്രികളിൽ ഇൻസിഡന്റ് റെസ്പോൺസ് ടീം സജ്ജമാക്കണം.
● എല്ലാ ആശുപത്രിയും ടീം രൂപീകരിച്ച് ജില്ലാ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യണം.
● അപകടമുണ്ടായാൽ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കണം.
● അടിസ്ഥാന ഫയർ സേഫ്റ്റി ഉപകരണങ്ങൾ, ഐസിയു പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ ഇടയ്ക്കിടെ വായു
● പുറത്തുേപോകാനുള്ള ക്രോസ് വെന്റിലേഷൻ, മെക്കാനിക്കൽ വെന്റിലേഷൻ തുടങ്ങിയവ സ്ഥാപിക്കണം.
● തീപിടിത്ത സാധ്യതയുള്ള കർട്ടൻ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.
● ഫയർ ആൻഡ് സേഫ്റ്റി കമ്മിറ്റി അപകട സാധ്യതകൾ തിരിച്ചറിഞ്ഞ് പരിഹരിക്കണം.
● ആശുപത്രിക്കുള്ളിൽ പുകവലി, വെള്ളം തിളപ്പിക്കൽ, ചൂടാക്കുക, പാചകം എന്നിവ ഒഴിവാക്കണം
● മോക്ക് ഡ്രില്ലുകൾ നടത്തി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവബോധം നൽകണം.
● ഐസിയുവിൽ ശസ്ത്രക്രിയ നടത്തുമ്പോൾ ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കണം.
Credits Kerala || Deshabhimani Online News https://ift.tt/3uL2w04
Comments