സുരേന്ദ്രന്റെ ‘മോഡി കളി’യും കോമാളിത്തവും പരാജയകാരണമെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌

കൊച്ചി > ‘മോഡി കളി’ക്കാൻ ഒന്നിലധികം സീറ്റുകളിൽ മത്സരിച്ച് ഹെലികോപ്റ്ററിൽ പറന്നു പ്രചാരണം നടത്തിയ കെ സുരേന്ദ്രന്റെ കോമാളിത്തരവും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോൽപ്പിച്ചതെന്ന് ആർഎസ്എസ് നേതാവ് ഇ എൻ നന്ദകുമാർ. ഇങ്ങനെയുള്ളവർ എത്രയുംവേഗം സ്ഥാനമൊഴിഞ്ഞ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്നും ആർഎസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്സ് ചുമതലക്കാരനും നാഷണൽ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നന്ദകുമാർ ആവശ്യപ്പെട്ടു.

കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ എൻ രാധാകൃഷ്ണന്റെ സഹോദരനായ നന്ദകുമാർ തെരഞ്ഞെടുപ്പുഫലം വന്ന ഉടനെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രനെതിരെ പരസ്യമായി പ്രതികരിച്ചത്.

‘മോഡി കളി’ക്കാൻ ഒന്നിലധികം സീറ്റിൽ മത്സരിക്കുക. ഈ കൊച്ചു കേരളത്തിൽ ഹെലികോപ്റ്ററിൽ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാർഥികളെ നിശ്ചയിക്കുക. നിഷ്ക്രിയരായ ഇവറ്റകളുടെ നോമിനേഷൻ തള്ളിപ്പോകുക. ഇ ശ്രീധരൻ എന്ന മാന്യനെപ്പോലും അപമാനിക്കാൻ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങൾ തേടുന്ന ആർത്തിപിടിച്ച ഭാഗ്യാന്വേഷികൾ. ഇവർ തോൽവി അർഹിക്കുന്നു. മഹാരഥന്മാർ സ്വജീവൻ നൽകി വളർത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയിൽ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ. എന്നാണ് നന്ദകുമാറിന്റെ എഫ്ബി പോസ്റ്റ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ueJ6kb

Comments

Archive

Contact Form

Send