വാക്സിൻ ഉൽപ്പാദനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തണം: പരിഷത്ത്‌

കൊച്ചി> പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കോവിഡ് വാക്സിൻ ഉൽപ്പാദനം വേഗത്തിലാക്കണമെന്ന്- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരനും ജനറൽ സെക്രട്ടറി കെ രാധനും ആവശ്യപ്പെട്ടു. കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കാൻ പരമാവധിപേർക്ക് എത്രയുംവേഗം വാക്സിൻ സൗജന്യമായി നൽകണം. വാക്സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്നുവയ്ക്കാൻ യുഎസ് ഭരണനേതൃത്വം തയ്യാറായതോടെ നിർമാണം വേഗത്തിലാക്കാൻ അനുകൂലസാഹചര്യമാണ്.

ഇതു പ്രയോജനപ്പെടുത്തി പൊതുമേഖലയിലടക്കം ഇന്ത്യയിലുള്ള 21 വാക്സിൻ നിർമാണസ്ഥാപനങ്ങളിൽ കോവിഡ് വാക്സിൻ നിർമിക്കാൻ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. വാക്സിനേഷനുവേണ്ടി മാത്രം കേന്ദ്രബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപയും പിഎം കെയറിൽ സമാഹരിച്ച ഒരു ലക്ഷം കോടി രൂപയും ഉപയോഗിക്കാമെന്നിരിക്കെ സാമ്പത്തികം തടസ്സമാകില്ല.

മികച്ചനിലയിൽ പ്രവർത്തിച്ചിരുന്ന ചില പൊതുമേഖലാ വാക്സിൻ നിർമാണസ്ഥാപനങ്ങളുടെ ലൈസൻസ് നല്ല ഉൽപ്പാദന രീതികൾ പാലിക്കുന്നില്ലെന്നുപറഞ്ഞ് 2008ൽ റദ്ദാക്കിയിരുന്നു. ഈ സ്ഥാപനങ്ങൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കുന്നതിനുപകരം വാക്സിൻ മേഖല കൂടുതൽ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ആധുനിക ജനിതക വാക്സിനുകൾ ഉൽപ്പാദിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം. കോവിഡ് വാക്സിൻ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഉൽപ്പാദിപ്പിക്കാനും അർഹരായ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യാനും കേന്ദ്രസർക്കാർ അടിയന്തിരനടപടി സ്വീകരിക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33lY8ZH

Comments

Archive

Contact Form

Send