ജീവിത സായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പൊലെ

ആലപ്പുഴ> ജീവതസായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പൊലെയായിരുന്നു ഗൗരിയമ്മ. മധുരപലഹാരങ്ങളോടും ചോക്ലൈറ്റുകളോടും കമ്പം. കുത്തിവയ്പിനോട് പേടി. പണ്ടേയുള്ള ശുണ്ഡി വാർധക്യത്തിൽ പതിന്മടങ്ങായതുപോലെ. ഒരു ദിവസം ഗൗരിയമ്മയെ കാണാൻ ചെന്നപ്പോൾ ഗൗരിയമ്മ തന്നെ പൂച്ചമാന്തിയതിന്റെ സങ്കടത്തിലായിരുന്നു. ടി ടി കുത്തിവയ്പെടുക്കാൻ അടുപ്പക്കാരുടെ നിർബന്ധം. ഭരണകൂടങ്ങളുടെ കിരാത മർദ്ദനമേൽക്കുമ്പോഴും വേദനയെ അവഗണിച്ച ഗൗരിയമ്മയ്ക്ക് സ്കൂൾ വിദ്യാർഥിക്കു സമാനമായ പേടി. തനിക്ക് അലർജിയാണെന്നു പറഞ്ഞ് കുത്തിവയ്പിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഗൗരിയമ്മയെ അന്ന് കണ്ടു.

ഒരിക്കൽ ഗൗരിയമ്മയുമായിസംസാരിച്ചിറങ്ങുമ്പോൾ ചോദ്യം: ‘‘ എനിക്കൊന്നും കൊണ്ടുവന്നില്ലേ?’’. ഗൗരിയമ്മയ്ക്ക് ചോക്ലൈറ്റ് ഇഷ്ടമാണെന്നറിയാമെന്നും അടുത്തതവണ വരുമ്പോൾ കൊണ്ടുവരാമെന്നും പറഞ്ഞപ്പോൾ കിട്ടി ഗംഭീര മറുപടി ‘‘ എന്നാൽ അടുത്ത തവണ നീ വരുന്നതുവരെ ഞാൻ ഇവിടെയിരിക്കാം’’. ഒടുവിൽ പുറത്തുപോയി ചോക്ലൈറ്റു വാങ്ങിക്കൊടുത്തിട്ടേ മടങ്ങാൻ പറ്റിയുള്ളൂ.

വല്ലപ്പോഴുമൊരിക്കൽ പത്രസമ്മേളനം വച്ചാൽ ഗൗരിയമ്മയുടെ ശുണ്ഡി അറിയാവുന്നതുകൊണ്ട് സിപിഐ എമ്മിനെതിരെ എന്തെങ്കിലും പറയിപ്പിക്കാൻ നോക്കുന്ന ചില പത്രക്കാരുടെ ദൗത്യത്തിനും പലപ്പോഴും സാക്ഷിയായി. അസുഖകരമായ ചോദ്യങ്ങൾ ചോദിച്ചാൽ ചുവരിലെ ടി വി തോമസിന്റെ ചിത്രം ചൂണ്ടിക്കാട്ടി പറയും. ‘‘ അങ്ങേര് സമ്മതിക്കില്ല കേട്ടോ.’’

ആശ്രിതവൽസയും സൽക്കാര പ്രിയയുമൊക്കെയായിരുന്നു ഗൗരിയമ്മ. അവസാനം വരെ തന്റെ പിറന്നാൾ പ്രമുഖരെയൊക്കെ ക്ഷണിച്ചുവരുത്തി വലിയ ഹാളിൽ വിഭവസമൃദ്ധമായ സദ്യ നടത്തിയാണ് ആഘോഷിച്ചത്. കുമരകത്തു നിന്ന് കരീമീനും അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്ന് ലിറ്റർ കണക്കിന് പാൽപ്പായസവുമൊക്കെ കൊണ്ടുവരും.

ഓർമ്മകൾ മങ്ങിയെങ്കിലും ജീവിതത്തിൽ നാഴികക്കല്ലായ സംഭവങ്ങളൊക്കെ അവസാനം വരെ നല്ല ഓർമ്മയായിരുന്നു. തെരഞ്ഞെടുപ്പ് ഓർമ്മയെപ്പറ്റി സംസാരിക്കാൻ ചെന്നപ്പോഴായിരുന്നു ‘ഗൗരിച്ചോള’ ത്തെപ്പറ്റി പറഞ്ഞത്. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം കിട്ടിയ 1948ലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നപ്പോഴത്തെ കാര്യമാണ്. അന്ന് ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ ജനറൽ സീറ്റിൽ ഗൗരിയമ്മയും ലത്തീൻ സംവരണ സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ തന്നെ പി എസ് സോളമനുമായിരുന്നു മൽസരിച്ചത്. അക്കാലത്ത് വോട്ട് ആർക്കാണെന്ന് ബൂത്തിൽ ചെന്നു വിളിച്ചു പറയുകയാണ് പതിവ്. അന്ന് റേഷൻ കടവഴി ചോളം വിതരണമുണ്ടായിരുന്നു. സോളമനെന്ന പേര് സുപരിചിതമല്ലാത്ത കമ്യൂണിസ്റ്റ് അനുഭാവികളോട് പറഞ്ഞത് ബൂത്തിൽചെന്ന് ‘ഗൗരിച്ചോളം’ എന്നു വിളിച്ചു പറയാനാണ്.അതു മറക്കാതിരിക്കാൻ ആളുകളുടെ കയ്യിൽ ചോളമണികളും കൊടുത്തു.

അന്ന് പി കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും പ്രചാരണത്തിനു വന്നതും ഗൗരിയമ്മയ്ക്ക് ഓർമ്മയുണ്ടായിരുന്നു. വയലാർ രവിയുടെ അമ്മ ദേവകി കൃഷ്ണൻ അരിവാളുമായി കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രകടനത്തിനു വന്നതും 1965ൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച ഇതേ ദേവകി കൃഷ്ണനെ താൻ തോൽപ്പിച്ച കൗതുകവും അന്ന് അവർ പങ്കുവച്ചു. മാരാരിക്കുളത്തെ ബൂത്തിൽ ചെന്നപ്പോൾ പിന്നീട് ജീവിതസഖാവായ ടി വി തോമസിനെ കണ്ടതും ഗൗരിയമ്മ മനസ്സിൽ സൂക്ഷിച്ചുവച്ചിരുന്നു. ഡോർ പോയ ഒരു കാറായിരുന്നു പ്രചാരണത്തിന് ഉണ്ടായിരുന്നത്. അത് വീണുപോകാതിരിക്കാൻ ഒരാൾ പിടിച്ചുകൊണ്ടിരുന്നതൊക്കെ ഇന്നലെയെന്നപോലെയായിരുന്നു വർണ്ണിച്ചത്.

സമ്പന്ന കുടുംബത്തിൽ പിറന്ന തനിക്ക് ശ്രീനാരായണഗുരുവും കുമാരനാശാനും പെരിയോർ ഇ വി രാമസ്വാമി നായ്ക്കരും സി വി കുഞ്ഞിരാമനും ടി കെ മാധവനുമൊക്കെ വന്നുപോയിരുന്ന സ്വന്തം വീട് സാമൂഹ്യബോധം പകർന്നു നൽകിയതും പി കൃഷ്ണപിള്ളയുടെ പാതയിൽ കമ്യൂണിസ്റ്റു പാർട്ടി അംഗമായതുമൊക്കെ നൂറുവയസായപ്പോൾ സന്ദർശിച്ചപ്പോൾ ഗൗരിയമ്മ വിവരിച്ചു.

പന്ത്രണ്ടു പ്രസവിച്ച അമ്മയുടെ കാര്യവും പിറന്നാളിന് അമ്മയുണ്ടാക്കുന്ന പായസം തോർത്തുമുണ്ടുടുത്ത് പണിക്കാർക്കൊപ്പമിരുന്ന് ഉണ്ണുന്നതുമൊക്കെ ഒരു നൂറ്റാണ്ടിനിപ്പുറവും ഗൗരിയമ്മ മറന്നിരുന്നില്ല. തിരുമല ദേവസ്വത്തിന്റെ നാലായിരം ഏക്കർ കൃഷിചെയ്തിരുന്ന കുടുംബത്തിൽ നിന്നാണ് ഗൗരിയമ്മ നിരാലംബരുടെ മുന്നണിപ്പടയിൽ അണിചേർന്നത് എന്നതും ഇന്നോർക്കുമ്പോൾ അതിയകരം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3y2fnNO

Comments

Archive

Contact Form

Send