തോൽവിക്ക്‌ കാരണം കോൺഗ്രസെന്ന്‌ ലീഗ്‌; മുല്ലപ്പള്ളിയുടെ ശൈലിയിൽ അതൃപ്‌തി

കോഴിക്കോട് > തോൽവിക്ക് കാരണം ‘പിണറായി –-ഇടതുപക്ഷ’ തരംഗമെന്നും ഇത് മുൻകുട്ടി കാണാനായില്ലെന്നും മുസ്ലിംലീഗ് നേതൃയോഗം. ലീഗിന് ക്ഷീണമുണ്ടായില്ല, കോൺഗ്രസാണ് യുഡിഎഫിന്റെ തകർച്ചക്ക് കാരണമായത്. നാല് സിറ്റിങ് സീറ്റുകളിൽ തോൽവിക്ക് പാർടിയല്ല ഉത്തരവാദിയെന്നും മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാരസമിതി യോഗം വിലയിരുത്തി.

പൗരത്വ നിയമ ഭേദഗതി, സംവരണ വിഷയങ്ങളിൽ എൽഡിഎഫും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാട് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചതായും യോഗത്തിൽ ചർച്ചയുണ്ടായി. ഇവയിൽ ലീഗ്, കോൺഗ്രസ് നിലപാട് ശക്തമായി അവതരിപ്പിക്കുന്നതിൽ പിഴവ് സംഭവിച്ചു. കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യം തെരഞ്ഞെടുപ്പിനെ ബാധിച്ചതായും വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ നേതാവ് എന്ന ചർച്ചയും ക്ഷീണമായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശൈലിയിലുള്ള അസംതൃപ്തിയും പ്രകടിപ്പിക്കപ്പെട്ടു. അതേ സമയം പ്രതിപക്ഷ നേതാവ് എന്നനിലയിൽ ചെന്നിത്തലയുടെ പ്രകടനം മെച്ചമെന്നായിരുന്നു ചർച്ച.

96 സീറ്റിൽ മത്സരിച്ച കോൺഗ്രസിനുണ്ടായ തകർച്ച കനത്തതെന്നായിരുന്നു നേതാക്കളുടെയെല്ലാം നിരീക്ഷണം. മലപ്പുറം ജില്ലയിൽ യുഡിഎഫ് സീറ്റുകൾ നിലനിർത്തിയത് സൂചിപ്പിച്ചാണ് ലീഗിന്റെ ശക്തി ചോർന്നില്ലെന്ന നിഗമനം. അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി മണ്ഡലങ്ങൾ തോറ്റത് കോൺഗ്രസ് വോട്ട് കിട്ടാത്തതിനാൽ എന്ന വിധത്തിലായിരുന്നു നേതാക്കളുടെ വിശകലനം. സൗത്തിൽ കോൺഗ്രസ് മേഖലകളിൽ ബിജെപിക്ക് വോട്ട് കൂടിയതും ചൂണ്ടിക്കാണിക്കപ്പെട്ടു. അതേസമയം മലപ്പുറം ലോക്സഭാ സീറ്റിലെ വോട്ട് നഷ്ടം ചർച്ചയായില്ല. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ അധ്യക്ഷനായി.

പെരുന്നാളിന് ശേഷം പ്രവർത്തകസമിതി ചേർന്ന് പരാജയം വിശദമായി ചർച്ചചെയ്യാനും തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം റിപ്പോർട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ്ബഷീർ എംപി, പി വി അബ്ദുൾ വഹാബ്, എം പി അബ്ദുസമദ് സമദാനി, എം കെ മുനീർ, കെ പി എ മജീദ്, സാദിഖലി ശിഹാബ്തങ്ങൾ എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2RwhQyY

Comments

Archive

Contact Form

Send