ചികിത്സാനിരക്ക് : സർക്കാർ ഇടപെടൽ പ്രശംസനീയം: ഹൈക്കോടതി
കൊച്ചി
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്കിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി, സമവായമായില്ലെങ്കിൽ കർശന ഉത്തരവ് പുറപ്പെടുവിക്കുമെന്ന സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്നും കോടതി പറഞ്ഞു.
പിപിഇ കിറ്റിനും ഓക്സിജനുംവരെ വൻ തുകയാണ് ചില ആശുപത്രികൾ ഈടാക്കിയത്. ഇതനുവദിക്കാനാകില്ല. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ഡോ. കൗസർ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. സൗജന്യ ചികിത്സാ പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ സർക്കാർ ഏറ്റെടുത്തതായി മനസ്സിലാക്കുന്നു. ഇതും ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതും പ്രശംസാർഹമാണെന്ന് കോടതി പറഞ്ഞു. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന സ്വകാര്യ ലാബുകളുടെ ആവശ്യം തള്ളി.
സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുത്രികളിലെയും പകുതി കിടക്കകൾ ഏറ്റെടുക്കുന്നത് പരിഗണിക്കണം. ഏറ്റെടുത്ത കിടക്കകളിൽ സൗജന്യചികിത്സ എന്ന സർക്കാർ നിലപാട് മാതൃകാപരമാണ്. ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് ലക്ഷങ്ങൾ ഈടാക്കുന്നുണ്ട്. ആശുപത്രികളുടെ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ല. ഇതനുവദിക്കില്ല. ഇതോടൊപ്പം ലാബ് പരിശോധനയ്ക്കും മരുന്നുകൾക്കും നിരക്ക് നിശ്ചയിക്കുന്നതും പരിഗണിക്കണം. സർക്കാർ നിശ്ചയിക്കുന്ന തുകയിൽനിന്ന് ഒരു രൂപപോലും ആശുപത്രികൾ അധികം ഈടാക്കരുത്.
അശുപത്രികളെ നിരീക്ഷിക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയോഗിക്കണം. രോഗികൾക്ക് സഹായത്തിനായി ടോൾഫ്രീ നമ്പർ നടപ്പാക്കണം. സ്വകാര്യ ആശുപത്രികൾ സർക്കാരിനോട് സഹകരിക്കണം. ഓക്സിമീറ്റർ അടക്കമുള്ളവയുടെ വില നിയന്ത്രിക്കുന്നതിൽ എന്ത് ചെയ്യാൻ കഴിയുമെന്നും സർക്കാർ പരിശോധിക്കണം.
ഉപയോഗിക്കാതെ കിടക്കുന്ന ആശുപത്രികൾ ഉണ്ടെങ്കിൽ ഏറ്റെടുക്കണം. കോവിഡ് ചികിത്സാ ഇനത്തിൽ കുടിശ്ശിക കിട്ടാനുണ്ടെന്ന സ്വകാര്യ ആശുപത്രികളുടെ വിശദീകരണം കോടതി തള്ളി. ഇക്കാര്യം ഉന്നയിക്കേണ്ട സമയം ഇതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Credits Kerala || Deshabhimani Online News https://ift.tt/3b90bV1
Comments