അന്ന് കുറിച്ചിയിലും വീണു ' ഒരു സ്കൈലാബ്'
കോട്ടയം> അന്ന് കോട്ടയത്തിനടുത്ത് കുറിച്ചിയിലും വീണു ഒരു 'സ്കൈലാബ്'. ഞായറാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബി പതിച്ച സാഹചര്യത്തില്‍ നാലു പതിറ്റാണ്ടു മുമ്പുണ്ടായ കോലാഹലം ഓര്‍ക്കുകയാണ് പഴമക്കാര്‍.
1979 ല്‍ അമേരിക്കയുടെ ബഹിരാകാശ നിലമായ സ്കൈലാബ് വീഴുന്നത് വലിയ ഭീതിയുയര്‍ത്തിയിരുന്നു. 76540 കിലോ ഭാരമുള്ള സ്കൈലാബ് ഇന്ത്യയില്‍ പതിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പേരില്‍ ജനങ്ങള്‍ ഭയവിഹ്വലരായി. വടക്കേ ഇന്ത്യയിലാണ് സ്കൈലാബ് വീഴുന്നതെന്ന വാര്‍ത്തയെത്തുടര്‍ന്ന് മലയാളികള്‍ നാട്ടിലേക്ക് കൂട്ടപ്പലായനം നടത്തി.
സ്കൈലാബ് തലയില്‍ വീഴുമോയെന്ന് പേടിച്ച് സ്കൂളുകളില്‍ പോകാന്‍ കുട്ടികള്‍ക്കു പേടി. വിടാന്‍ മാതാപിതാക്കള്‍ക്കു മടി. സ്കൈലാബ് വീഴുമെന്ന് പ്രചരിപ്പിക്കപ്പെട്ട ദിവസം പല സംസ്ഥാനങ്ങളും അവധി നല്കിയെന്നു പറയുമ്പോള്‍ സ്കൈലാബ് മനുഷ്യരെ പേടിപ്പിച്ചതിന്റെ തീവ്രത മനസിലാകും.
ഇങ്ങനെ ഭീതി നിറഞ്ഞ കാലത്താണ് കുറിച്ചി മന്ദിരം കവലയ്ക്കടുത്ത് പളളത്ര കവലയില്‍ 'സ്കൈലാബ് 'വീണെന്ന വാര്‍ത്ത പരന്നത്. കൃത്യമായി പറഞ്ഞാല്‍ പള്ളത്ര കവലയിലെ ജലനിധി പ്രൊജക്ട് ഓഫീസിനടുത്ത്.
നിമിഷങ്ങള്‍കൊണ്ട് ആയിരക്കണക്കിനാളുകള്‍ അവിടെയെത്തി. അവിടെ വീണത് ബാറ്ററിയും വയറുമൊക്കെ പിടിപ്പിച്ച ലോഹനിര്‍മ്മിത വസ്തുവായിരുന്നു. അതില്‍ എഴുതിയിരുന്ന ഭാഷ ആര്‍ക്കും വായിക്കാന്‍ പറ്റുന്നതായിരുന്നില്ല. പത്രങ്ങളില്‍ അത് വലിയ വാര്‍ത്തയായി.
'സ്കൈലാബ്' വീണതറിഞ്ഞ് എല്ലാവരും ഓടിയ കൂട്ടത്തില്‍ താനും സംഭവസ്ഥലത്ത് എത്തിയതായി അന്ന് പത്താം ക്ലാസില്‍ പഠിക്കുന്ന സമീപവാസി രാജന് ഓര്‍ക്കുന്നു.
''ആകാശത്തുനിന്നു വീണ സാധനങ്ങളൊക്കെ അവിടെ ചെല്ലുമ്പോള്‍ ഓലക്കീറും പ്ലാസ്റ്റിക്ക് ഷീറ്റും കൊണ്ട് മൂടിയിട്ടിരിക്കയാണ്. കുറെക്കഴിഞ്ഞപ്പോള്‍ ഒരു വണ്ടിയില്‍ പൊലീസുകാരടക്കം കുറെയാളുകള്‍ വന്ന് അവശിഷ്ടങ്ങള്‍ കൊണ്ടുപോയി. പൊലീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്നത് തുമ്പയില്‍ നിന്നോ മറ്റോ വന്ന ശാസ്ത്രജ്ഞരാണെന്ന് ആരോ പറഞ്ഞുകേട്ടത് ഓര്‍മ്മയുണ്ട്. അതിനിടെയില്‍ ആരോ നല്ല വില കിട്ടുമെന്നു കരുതി ഒരു ബാറ്ററി മോഷ്ടിച്ച് ഒളിച്ചുവച്ചു. പിന്നീട് അത് പൊലീസ് അയാളില്‍ നിന്ന് പിടിച്ചെടുത്തു-- രാജന് ഓര്‍ത്തെടുത്തു.
1979 ജൂലൈ 11ന് കാര്യമായ അപകടമൊന്നും ഉണ്ടാക്കാതെ വടക്കു കിഴക്കന്‍ ആസ്ത്രേലിയക്കു സമീപം സ്കൈലാബ് കടലില്‍ പതിച്ചെങ്കിലും ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫുട്ബോള്‍ ക്ലബ്ബുകള്‍ക്കുമൊക്കെ സ്കൈലാബ് എന്നു പേരിട്ട് മലയാളി ആഘോഷിച്ചു. മറ്റൊരു കൗതുകമുണ്ട്. ഉണക്കക്കുറിച്ചിക്ക് കുറെക്കാലം സ്കൈലാബ് എന്നായിരുന്നു പലചരക്കു കടയിലെ പേര്.
Credits Kerala || Deshabhimani Online News https://ift.tt/3hfm09w
Comments