കണ്ണൂരുകാരുടെ 'അറുപത് ശതമാന ക്ലബ്ബി'ൽ ഇടുക്കിയിൽ നിന്ന് മണിയാശാനും
കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ വോട്ടിന്റെ അറുപത് ശതമാനം നേടിയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ മന്ത്രി എം എം മണിയും. ആകെ അഞ്ചു പേരാണ് ആകെ പോൾ ചെയ്തതിന്റെ അറുപത് ശതമാനത്തിലേറെ വോട്ടുനേടി വിജയിച്ചത് . ഇവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും അറുപത് ശതമാനത്തിന് തൊട്ടടുത്ത് വോട്ട് നേടി -59.61% യുഡിഎഫിൽ നിന്ന് ആരും അറുപത് ശതമാനത്തിലേറെ വോട്ട് നേടിയില്ല.
അറുപത് ശതമാനത്തിനു മുകളിൽ വോട്ടുനേടി വിജയിച്ച നാലുപേർ കണ്ണൂർ ജില്ലയിലാണ്. ടി ഐ മധുസൂദനൻ-പയ്യന്നൂർ (62.49 %), കെ കെ ശൈലജ -മട്ടന്നൂർ (61.97%), എ എൻ ഷംസീർ -തലശ്ശേരി (61.52%). എം വിജിൻ -കല്യാശേരി (60.62%). എന്നിവരാണിവർ. എല്ലാവരും സിപിഐ എം പ്രതിനിധികൾ.
ഇവർക്കൊപ്പമാണ് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ നിന്ന് ജയിച്ച എം എം മണി. ആകെ വോട്ടിന്റെ 61.80 % ആണ് അദ്ദേഹം നേടിയത്.
കണ്ണൂർ ജില്ലയ്ക്ക് പുറത്ത് ഇത്രയും ശതമാനം വോട്ടു നേടിയ ഏക സ്ഥാനാർത്ഥിയും മണിയാണ്. തെക്കൻ ജില്ലകളിൽ ഇത്തരത്തിൽ ഉയർന്ന ശതമാനം വോട്ട് ലഭിക്കുന്നത് അപൂർവം. മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തിയെയാണ് മണി തോൽപ്പിച്ചത്. ചില ചാനൽ സർവേകൾ പരാജയവും മറ്റു ചില ചാനലുകൾ ഇഞ്ചോടിഞ്ച് മത്സരവും പ്രവചിച്ച മണ്ഡലത്തിലാണ് ഈ ഉജ്വല വിജയം.
ആകെ പോൾ ചെയ്ത 125219 വോട്ടിൽ 77381 വോട്ടും എം എം മണി നേടി.അഗസ്തിയ്ക്ക് കിട്ടിയത് 39076 വോട്ട് മാത്രം.ബിഡിജെ എസിലെ സന്തോഷ് മാധവൻ 7208 വോട്ടും നേടി.
കഴിഞ്ഞ തവണ ഉടുമ്പൻചോലയിൽ 1109 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മണിയുടെ വിജയം.
Credits Kerala || Deshabhimani Online News https://ift.tt/3tbVIXN
Comments