ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷം; ആർഎസ്‌എസ്‌ യുഡിഎഫിന്‌ വോട്ട്‌ മറിച്ചു

തൃശൂർ > നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായി. കഴിഞ്ഞ തവണ വിജയിച്ച നേമം അടക്കം എല്ലാ മണ്ഡലങ്ങളിലും പരാജയപ്പെട്ടതും മൊത്തത്തിൽ വോട്ട് കുറഞ്ഞതും സംഘപരിവാറിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. കേന്ദ്രമന്ത്രി വി മുരളീധരനും –-കെ സുരേന്ദ്രനും നേതൃത്വം നൽകുന്ന ഔദ്യാഗിക പക്ഷത്തിനെതിരായ നീക്കം കൃഷ്ണദാസ്–-ശോഭ സുരേന്ദ്രൻ പക്ഷം തുടങ്ങിക്കഴിഞ്ഞു. ആർഎസ്എസ് ചില മണ്ഡലങ്ങളിൽ യുഡിഎഫിന് അനൂകൂലമായി വോട്ട് മറിച്ചതാണ് ബിജെപിയുടെ വോട്ടുകൾ കുറയാൻ കാരണമെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. 90 മണ്ഡലങ്ങളിൽ 2016–-നേക്കാൾ വോട്ട് കുറഞ്ഞുവെന്നാണ് കണക്ക്. ഇതിനുപകരമായി നേമത്തെ കുമ്മനം രാജശേഖരന്റെ പരാജയമാണ് ആർഎസ്എസ് ഔദ്യോഗിക പക്ഷത്തിന് എതിരായി ഉയർത്തിക്കാട്ടുന്നത്. അതോടൊപ്പം കഴക്കൂട്ടത്ത് കഴിഞ്ഞ തവണ വി മുരളീധരൻ 7000 പരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത്തവണ ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മുരളീധരൻ–-സുരേന്ദ്രൻപക്ഷം കാലുവാരിയതാണ് നേമത്തും കഴക്കൂട്ടത്തുമടക്കമുള്ള തോൽവിക്ക് കാരണമെന്ന് ആർഎസ്എസും ശോഭ സുരേന്ദ്രൻ പക്ഷവും ആരോപിക്കുന്നു.

ഏറെ കൊട്ടിഘോഷിച്ചാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഒന്നിൽ കൂടുതൽ നേടുമെന്നല്ല കേരളം ഭരിക്കുമെന്നായിരുന്നു അവകാശവാദം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെ വൻ നേതാക്കളെ തന്നെ രംഗത്തിറക്കി. എന്നാൽ മോദി പ്രസംഗിച്ച കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. രണ്ട് ഹെലികോപ്ടറുകളും പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. ഇത്രയൊക്കെ കോലാഹലമുണ്ടാക്കിയിട്ടും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ വോട്ടാണ് പലയിടത്തും.
പരാജയകാരണങ്ങൾ സംബന്ധിച്ച് വിവിധ നേതാക്കൾ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. കെ സുരേന്ദ്രൻ രണ്ട് സ്ഥലത്ത് മത്സരിച്ചത് മൊത്തത്തിലുള്ള വോട്ട്കുറഞ്ഞതിന് കാരണമായതായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനും സുരേന്ദ്രന്റെ ഇരട്ട സ്ഥാനാർഥിത്വം തിരിച്ചടിക്ക് കാരണമായതായി പറയുന്നു.

അതേസമയം വോട്ട്കുറഞ്ഞതിനും പരാജയത്തിനും കാരണം ആർഎസ്എസ് വോട്ട് മറിച്ചുവെന്നാണ് ഔദ്യോഗികപക്ഷം പറയുന്നത്. കുഴൽപ്പണം തെരഞ്ഞെടുപ്പ് ഫണ്ടായി കൊണ്ടുവന്ന് പിടിയിലായ സംഭവത്തിൽ നേതൃത്വം സംശയത്തിൽ നിൽക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് പരാജയം സംഘപരിവാറിൽ കലാപം സൃഷ്ടിച്ചിരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/33ba9Ry

Comments

Archive

Contact Form

Send