കുഴൽപ്പണം കർണാടകയിലെ 
ബിജെപി കേന്ദ്രത്തിൽനിന്ന്‌ ; പണം കൈപ്പറ്റിയത്‌ യുവമോർച്ച മുൻ സംസ്ഥാന ഭാരവാഹിയായ സുനിൽ നായിക്‌


തൃശൂർ
തെരഞ്ഞെടുപ്പ് ചെലവിലേക്ക് കുഴൽപ്പണമായി ബിജെപി മൂന്നരക്കോടി രൂപ കേരളത്തിലെത്തിച്ചത് കർണാടകത്തിൽനിന്ന്. ആലപ്പുഴ സ്വദേശി കർത്തയ്ക്ക് നൽകാനാണ് പണം ഏൽപിച്ചതെന്ന് ആർഎസ്എസ് നേതാവും കേസിലെ പരാതിക്കാരനുമായ ധർമരാജനും യുവമോർച്ച മുൻ സംസ്ഥാന ഭാരവാഹികൂടിയായ സുനിൽ നായികും പൊലീസിന് മൊഴിനൽകി. കർണാടകത്തിലെ ബിജെപി കേന്ദ്രത്തിൽനിന്ന് സുനിൽനായിക് ആണ് പണം കൈപ്പറ്റിയത്. ഇത് പിന്നീട് ധർമരാജന് കൈമാറി. തങ്ങൾ രണ്ടുപേരും ഇടനിലക്കാർ മാത്രമാണെന്നും ഉന്നതനേതാക്കൾ നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു.

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവർ അന്വേഷകസംഘത്തിന് മുന്നിൽ ഞായറാഴ്ച ഹാജരായില്ല. രാവിലെ പത്തിന് ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു നിർദേശം. അസൗകര്യം അറിയിച്ച ഇരുവരും അഭിഭാഷകന്റെ സഹായത്തോടെ ഹാജരാകാനാണ് ഒഴിഞ്ഞുമാറിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇരുവരോടും ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടേക്കും.

സുനിൽ നായികിന്റെയും ധർമരാജന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കർത്തയെയും കൂടുതൽ സംസ്ഥാന നേതാക്കളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ് സേനൻ, ബിജെപി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ ശനിയാഴ്ച ചോദ്യംചെയ്തു. തൃശൂർ വഴി പണം കൊണ്ടുപോയത് അറിയില്ലെന്ന ഇവരുടെ മൊഴി അന്വേഷകസംഘം മുഖവിലയ്ക്കെടുത്തില്ല. മൂന്നരക്കോടിയിൽ തൃശൂരിൽത്തന്നെ ഒളിപ്പിച്ച ബാക്കി തുക സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

ഹാജരായത് ജില്ലാ പ്രസിഡന്റിനൊപ്പം, 
ക്ഷീണമെന്ന് അണികൾ
ശനിയാഴ്ച ചോദ്യംചെയ്യാൻ വിളിപ്പിച്ച ബിജെപി നേതാക്കളായ ഹരി, സുജയ് സേനൻ, കാശിനാഥൻ എന്നിവർക്കൊപ്പം ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറും പോയതിൽ എതിർപ്പുയർന്നു. പാർടി കൊടിവെച്ച കാറിൽ കേസിലെ ആരോപണവിധേയർ ചോദ്യംചെയ്യാൻ ഹാജരായത് ക്ഷീണമുണ്ടാക്കിയെന്നാണ് ആരോപണം.

വാഹനാപകടമുണ്ടാക്കി 25 ലക്ഷം രൂപ തട്ടിയെന്ന ധര്മരാജന്റെ പരാതിയിലാണ് കേസിന്റെ തുടക്കം. തുടരന്വേഷണത്തിലാണ് ബിജെപി കുഴൽപ്പണമായി കടത്തിയ മൂന്നരക്കോടി രൂപ നേതാക്കൾ തട്ടിയെടുത്തെന്ന് തെളിഞ്ഞത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2RE0qRq

Comments

Archive

Contact Form

Send