18,170 കോടിയുടെ 
സ്വത്ത്‌ പിടിച്ചെടുത്തു: ഇഡി


ന്യൂഡൽഹി
സാമ്പത്തിക കുറ്റവാളികളായ വിജയ്മല്യ, മെഹുൾ ചോക്സി, നീരവ് മോദി എന്നിവരുടെ 18,000 കോടിയിലധികം രൂപവരുന്ന ആസ്തി പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 18,170 കോടിയുടെ ആസ്തി പിടിച്ചെടുത്തെന്നും ഇതിൽ 9,371 കോടിയുടെ ആസ്തി പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറിയെന്നും ഇഡി പ്രസ്താവനയിൽ പറഞ്ഞു.
മല്യയും ചോക്സിയും നീരവ് മോദിയും കൂടി ബാങ്കുകളിൽനിന്ന് 22,585 കോടി വായ്പയെടുത്ത് തട്ടിയിരുന്നു. ആസ്തികൾ പിടിച്ചതിലൂടെ അതിന്റെ 80 ശതമാനത്തോളം തിരിച്ച് ഈടാക്കിയതായും ഇഡി അവകാശപ്പെട്ടു.

കള്ളപ്പണനിരോധന നിയമപ്രകാരം പിടിച്ചെടുത്ത ആസ്തികളിൽ 6,600 കോടിയുടെ ഓഹരികൾ എസ്ബിഐ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് കൈമാറി. വെള്ളിയാഴ്ച 800 കോടിയുടെ ഓഹരികൾ കൂടി കൈമാറും. നേരത്തെ ഇഡിയുടെ സഹായത്തോടെ പിടിച്ചെടുത്ത ഓഹരികൾ വിറ്റ് ബാങ്കുകൾ 1,357 കോടി സമാഹരിച്ചിരുന്നു.
പൊതുമേഖലാബാങ്കുകളിൽനിന്ന് വൻതുക തട്ടിച്ച് രാജ്യംവിട്ട മല്യയെയും ചോക്സിയെയും മോദിയെയും നാട്ടിലെത്തിക്കാനുള്ള നടപടി കാര്യക്ഷമമായി നടക്കുന്നില്ലെന്ന് വിമർശമുയർന്നിരുന്നു. പൊളിഞ്ഞുപോയ കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 9000 കോടി വായ്പ തട്ടിച്ചാണ് വിജയ്മല്യ രാജ്യം വിട്ടത്. നീരവ്മോദിയും അമ്മാവൻ മെഹുൾ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,500 കോടിയാണ് തട്ടിച്ചത്. മല്യയെയും മോദിയെയും സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3gZ1zM7

Comments

Archive

Contact Form

Send