AUDIO- എന്‍ഡിഎയില്‍ ചേരാന്‍ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷംരൂപ നല്‍കി; ബിജെപിയുടെ കുഴല്‍പ്പണ ഇടപാട് തുറന്നുകാട്ടി ശബ്ദരേഖ
കല്പ്പറ്റ > നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില് ബിജെപി സംസ്ഥാനത്തുടനീളം ഒഴുക്കിയ കോടികളുടെ കഥകള് ഓരോന്നായി പുറത്തുവരുന്നു. സുല്ത്താന് ബത്തേരി മണ്ഡലത്തില് എന്ഡിഎ സ്ഥാനാര്ത്ഥിയാകാന് സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നു. കൊടകര കുഴല്പ്പണ ഇടപാടില് അന്വേഷണം സുരേന്ദ്രനിലേക്ക് എത്തിനില്ക്കുന്ന ഘട്ടത്തിലാണ് പുതിയ വിവാദം.
ജനാധിപത്യ രാഷ്ട്രീയ പാര്ട്ടി ട്രഷറര് പ്രസീത അഴീക്കോട് സുരേന്ദ്രനുമായി നടത്തിയ ഫോണ്സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. സ്ഥാനാര്ത്ഥിയാകാന് 10 കോടിരൂപ ജാനു ആവശ്യപ്പെട്ടതായി ശബ്ദരേഖയില് പറയുന്നു. പക്ഷേ അത്രയും കൊടുക്കാന് പറ്റില്ലെന്ന് ബിജെപി അറിയിച്ചു. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. പണം കിട്ടിയാല് തൊട്ടടുത്തദിവസം അമിത്ഷാ പങ്കെടുക്കുന്ന യോഗത്തില് ജാനു പങ്കെടുക്കുമെന്ന് അറിയിച്ചതായും സംഭാഷണത്തില് പറയുന്നുണ്ട്. പണം എപ്പോള് വേണമെങ്കിലും നല്കാമെന്നാണ് സുരേന്ദ്രന് പ്രസീതയ്ക്ക് നല്കുന്ന മറുപടി. അമിത്ഷാ വരുന്നതിന്റെ തലേദിവസം തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം രൂപയും നേരിട്ട് കയ്യില് കൊടുക്കാമെന്ന് സുരേന്ദ്രന് പറയുന്നു.
ശബ്ദരേഖ പുറത്തായതോടെ സംഭാഷണം പ്രസീത ശരിവെച്ചു. ജാനുവിനെ എന്ഡിഎയില് എത്തിക്കണമെന്നത് സുരേന്ദ്രന്റെ ആവശ്യമായിരുന്നുവെന്നും, 10 ലക്ഷം രൂപയും ജാനുവിന് സുരേന്ദ്രന് നല്കിയെന്നും പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/34Gmk9y
Comments