ലക്ഷദ്വീപില്‍ വീടുകൾ പൊളിക്കാനും നോട്ടീസ്‌; വിനോദസഞ്ചാരത്തിനെന്ന് വാദം

കൊച്ചി > ലക്ഷദ്വീപില് കടൽ തീരത്തുള്ള 160ഓളം വിടുകൾ പൊളിച്ചുനീക്കാൻ ലക്ഷദ്വീപ് ഭരണകേന്ദ്രം നോട്ടീസ് നൽകി. കടല്ത്തീരത്തുനിന്ന് 20മീറ്റര് പരിധിയിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകള്ക്കാണ് നോട്ടീസ് . 2016ൽ വിഭാവനംചെയ്ത ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മന്റ് പ്ലാൻ (ഐഐഎംപി) പ്രകാരമുള്ള നിർമിതികൾ മാത്രമേ അനുവദിക്കൂവെന്ന ന്യായത്തിലാണിത്.

നോട്ടീസ് ലഭിച്ചവര് ബുധനാഴ്ചക്കകം രേഖകള് സഹിതം വിശദീകരണം നല്കാനാണ് നിര്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ പൊളിക്കണം. അല്ലെങ്കിൽ റവന്യൂ അധികൃതർ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ചെലവ് ഉടമകളിൽനിന്ന് ഈടാക്കും. കവരത്തിയിലെ വീടുകളുൾപ്പെടെ 102 കെട്ടിടങ്ങൾക്കാണ് ആദ്യം നോട്ടീസ് നൽകിയത്. പിന്നീട് 52 വീടുകൾക്കുകൂടി നൽകി.

വിനോദ സഞ്ചാര പദ്ധതികളുടെ ഭാ​ഗമായാണ് കെട്ടിടങ്ങൾ പൊളിക്കാന് നിർദേശിച്ചതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വാദം. മാലിദ്വീപിലെ ബീച്ച് ടൂറിസം, വാട്ടർ വില്ലകൾ എന്നിവയ്ക്ക് സമാനമായി ലക്ഷദ്വീപിലെ കടമത്ത്, മിനിക്കോയ്, സുഹേലി എന്നിവിടങ്ങളിൽ റിസോർട്ടുകൾ സ്ഥാപിക്കാനും വികസന പദ്ധതികൾ നടപ്പാക്കാനുമാണ് കേന്ദ്രസർക്കാർ നീക്കം.

806 കോടി രൂപയുടെ കടൽത്തീര വിനോദസഞ്ചാര പദ്ധതിയാണിത്. നിതി ആയോഗിന്റെയും ലക്ഷദ്വീപ് ഭരണകേന്ദ്രത്തിന്റെയും മേൽനോട്ടത്തിലാകും ഇത് നടപ്പാക്കുക. കവരത്തിയിൽ നോട്ടീസ് നൽകാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മറ്റും പൊളിച്ചുനീക്കിയിരുന്നു. ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മന്റ് പ്ലാൻ അനുസരിച്ചുള്ള നിർമാണങ്ങൾ മാത്രമേ അനുവദിക്കൂവെന്ന നിർദേശവും നോട്ടീസിൽ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം ചെറിയം, സുഹേലി, കൽപ്പേനി ദ്വീപുകളിലെ ഷെഡുകൾ ഒരാഴ്ചയ്ക്കകം പൊളിക്കാൻ കൽപ്പേനി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നോട്ടീസ് നൽകിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vZtTDH

Comments

Archive

Contact Form

Send