ബ്ലാക്ക് ഫംഗസ് നിയന്ത്രണവിധേയം: മുഖ്യമന്ത്രി
തിരുവനന്തപുരം > സംസ്ഥാനത്ത് ഒരിടയ്ക്ക് കോവിഡ് രോഗികളിലും രോഗമുക്തരിലും റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) രോഗം നിയന്ത്രണ വിധേയമായതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ പൂർണമായും ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് വിവിധ തലത്തിലുള്ള സംവിധാനം ശക്തിപ്പെടുത്തിയിരുന്നതിനാൽ ആരോഗ്യസംവിധാനങ്ങൾക്ക് സമ്മർദത്തെ അതിജീവിക്കാൻ സാധിച്ചു.
ഉചിതമായ ചികിത്സ എല്ലാവർക്കും നൽകാൻ അതിലൂടെ കഴിഞ്ഞു. ഐസിയു കിടക്കകളുടെ 63 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉപയോഗിക്കേണ്ടിവന്നത്. വെന്റിലേറ്ററുകളിൽ 32 ശതമാനവും. ഓരോ വീട്ടിലും ആദ്യം പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എൽടിസിയിലേക്കോ- ഡിസിസിയിലേക്കോ മാറണം. വീടുകളിൽ വേണ്ടത്ര സൗകര്യമുള്ളവരെ (ഉപകരണങ്ങൾ ഉൾപ്പെടെ) മാത്രമേ വീടുകളിൽ കഴിയാൻ അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അബദ്ധധാരണ പരത്തുന്നു
തിരുവനന്തപുരം > മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് അബദ്ധ ധാരണകൾ പരത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. കുട്ടികളെ വലിയ തോതിൽ ബാധിക്കുമെന്ന് ഭീതി പരത്തുന്നു. അങ്ങനെയൊരു സാഹചര്യമില്ല. ആപേക്ഷിക വർധനയേ കുട്ടികൾക്കിടയിലുണ്ടാകൂ. രോഗവിവരങ്ങൾ നേടാൻ സാമൂഹ്യമാധ്യമങ്ങളിലെ തെറ്റായ സന്ദേശങ്ങളെ ആശ്രയിക്കരുത്. സർക്കാർ സംവിധാനങ്ങളെയും ഉത്തരവാദപ്പെട്ട ഏജൻസികളെയും ആശ്രയിക്കണം. മാധ്യമങ്ങൾ ഉദ്വേഗജനക വാർത്തകൾക്ക് പുറകേ പോകരുത്.
മൂന്നാം തരംഗം മുൻകൂട്ടിയറിയുന്നതിന് നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശാക്തീകരിക്കും. ജനിതക വ്യതിയാനമുള്ള വൈറസുകളെ കണ്ടെത്താനുള്ള പഠനങ്ങൾ വിപുലീകരിക്കും. ഓഫീസുകൾ ക്ലസ്റ്ററുകളാകാതിരിക്കാൻ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
Credits Kerala || Deshabhimani Online News https://ift.tt/3wueM6g
Comments