രണ്ടാം തരംഗം നീണ്ടുനിന്നേക്കാം; മരണങ്ങളുടെ എണ്ണവും നിരക്കും കുറച്ചു
തിരുവനന്തപുരം > മറ്റ് സ്ഥലങ്ങളേക്കാൾ കൂടുതൽ സമയം കേരളത്തിൽ കോവിഡ് രണ്ടാം തരംഗം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവിടങ്ങളിൽ രോഗം അതിവേഗമുയരുകയും വലിയ നാശം വിതച്ചശേഷം പെട്ടെന്ന് താഴുകയുമാണ് ചെയ്തത്. പക്ഷേ, രോഗം ഉച്ചസ്ഥായിയിൽ എത്തുന്നത് ദീർഘിപ്പിക്കുകയും അതിനെ താഴ്ത്തിനിർത്തുകയും ചെയ്യുകയെന്ന നയമാണ് കേരളം സ്വീകരിച്ചത്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് മരണങ്ങളുടെ എണ്ണവും നിരക്കും കുറച്ചുനിർത്താൻ നമുക്ക് സാധിച്ചത്. ഇക്കാരണത്താൽ രണ്ടാം തരംഗം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകളിലെ രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു; 15ലും താഴെയായി
തിരുവനന്തപുരം > തിരുവനന്തപുരമൊഴികെ മറ്റെല്ലാ ജില്ലയിലും രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിലും താഴെയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴ, കണ്ണൂർ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ 10 ശതമാനത്തിലും താഴെയായി. നിലവിലെ തരംഗം പരിശോധിക്കുമ്പോൾ അടുത്തയാഴ്ച തിരുവനന്തപുരത്ത് ഒരു ദിവസത്തെ കേസുകളിൽ അഞ്ച് ശതമാനം വർധനയ്ക്ക് സാധ്യതയുണ്ട്. തൃശൂരിൽ ഒരു ശതമാനം വർധനയും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മെയ് ആറിന് 42,464 പുതിയ കേസ് റിപ്പോർട്ട് ചെയ്തു. 15ന് രോഗസ്ഥിരീകരണ നിരക്ക് 27.8 ശതമാനമായി. പിന്നീട് പുതിയ കേസുകൾ ഘട്ടംഘട്ടമായി കുറഞ്ഞു. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 12.1 ശതമാനമാണ്. സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളിൽ 14.17 ശതമാനം കുറവുണ്ടായി. മറ്റു ജില്ലകളിലെല്ലാം കേസുകൾ കുറയുമെന്നാണ് കരുതുന്നത്. സംസ്ഥാനത്താകെ ശരാശരി കേസുകളിൽ അടുത്തയാഴ്ച 16 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. 27 ആകുമ്പോഴേക്കും ചികിത്സയിലുള്ളവർ 95,000ആയി കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3iJukPj
Comments