അറസ്‌റ്റിന്‌ സാധ്യത: ആയിഷ സുൽത്താന ഇന്ന്‌ ഹാജരാകും

കൊച്ചി
ബിജെപി നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ലക്ഷദ്വീപിലെ സിനിമാപ്രവർത്തക ആയിഷ സുൽത്താന ഞായറാഴ്ച അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകും. കോടതിയുടെ നിർദേശപ്രകാരം പൊലീസിനുമുന്നിൽ ഹാജരാകാൻ ശനിയാഴ്ച കൊച്ചിയിൽനിന്ന് കവരത്തിക്ക് യാത്രയായി. രാജ്യത്തിനെതിരായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും നീതിക്കായി എന്നും ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ലക്ഷദ്വീപിലേക്ക് തിരിക്കുംമുമ്പ് ആയിഷ സുൽത്താന മാധ്യമങ്ങളോട് പറഞ്ഞു.

ചാനൽ ചർച്ചയിലെ പരാമർശം വിവാദമാക്കി ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ആയിഷ സുൽത്താനയ്ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കവരത്തി പൊലീസ് സ്റ്റേഷനിൽ സുൽത്താന ​ഹാജരാകണമെന്ന് നിർദേശിച്ച കോടതി, അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകണമെന്നും നിർദേശിച്ചു. ഞായറാഴ്ച വൈകിട്ടാകും ആയിഷ പൊലീസിനുമുന്നിൽ ഹാജരാകുക.

124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ചാനൽ ചർച്ചയിലെ പരാമർശത്തിന് വിശദീകരണം നൽകിയെങ്കിലും അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകുന്ന അവരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുന്നതിൽ ആയിഷ സുൽത്താനയുടെ ഇടപെടൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം ആരംഭിച്ച പരിഷ്കാരങ്ങൾ പലതും അതോടെ പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ ആയിഷയ്ക്കെതിരായ നടപടിക്ക് ബിജെപി കേന്ദ്രനേതൃത്വത്തിൽനിന്നുള്ള സമ്മർദവും പൊലീസിനുമേലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gGtFvw

Comments

Archive

Contact Form

Send