ചോരക്കുഞ്ഞിനെ ഉപേക്ഷിക്കൽ, യുവതികളുടെ ആത്മഹത്യ ; ദുരൂഹത ഒഴിയുന്നില്ല


കൊല്ലം
കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതും ഈ കേസിൽ അറസ്റ്റിലായ രേഷ്മയുടെ അടുത്ത ബന്ധുക്കളായ രണ്ടു യുവതികൾ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയതുമായ സംഭവങ്ങളിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. ഡിഎൻഎ ടെസ്റ്റിനെ തുടർന്ന് അറസ്റ്റിലായ രേഷ്മ, വീടിനു പുറത്തെ കുളിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ താൻതന്നെയാണ് ഉപേക്ഷിച്ചതെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള കാരണമായി പറഞ്ഞത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മൊഴിയെടുക്കാൻ വിളിപ്പിച്ച യുവതി അടുത്തബന്ധുവായ യുവതിക്കൊപ്പം ആത്മഹത്യചെയ്തത് എന്തിനെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രേഷ്മയുടെ ‘ഫെയ്സ്ബുക്ക് സുഹൃത്തി’നെയും കണ്ടെത്താനായില്ല.

രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ രഞ്ജിത്തിന്റെ ഭാര്യയാണ് മരിച്ച ആര്യ. വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകളാണ് ഗ്രീഷ്മ. രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യയെ മാത്രമാണ് പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നത്.

എന്നാൽ, സ്റ്റേഷനിൽ എത്താതെ ഗ്രീഷ്മയെയും കൂട്ടി ആര്യ ആത്മഹത്യചെയ്തത് എന്തിനെന്നത് ദുരൂഹമാണ്. ആര്യയുടെ ആത്മഹത്യാകുറിപ്പിൽ രേഷ്മ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നുണ്ട്. കോവിഡ് ബാധിതയായ രേഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താലേ ഇക്കാര്യങ്ങളിലൊക്കെ വ്യക്തത ലഭിക്കൂ. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചാത്തന്നൂർ എസിപി വൈ നിസാമുദീൻ പറഞ്ഞു.
ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ അനന്തുവിനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. അനന്തുവിനെ നേരിട്ട് കണ്ടിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ സൈബർസെൽ സഹായത്തോടെ ഇയാളെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഈ അക്കൗണ്ട് വ്യാജമാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ആര്യയുടെ പേരിലുള്ള സിംകാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെ രേഷ്മ കൈകാര്യം ചെയ്തതും ഇതുപയോഗിച്ചാണ്.

വിദേശത്തായിരുന്ന രേഷ്മയുടെ ഭർത്താവ് വിഷ്ണു കഴിഞ്ഞദിവസം നാട്ടിലെത്തിയിട്ടുണ്ട്. ഇയാളെയും പൊലീസ് ചോദ്യംചെയ്യും. ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽനിന്ന് കണ്ടെത്തുമ്പോഴും പിന്നീട് മരിക്കുമ്പോഴും വിഷ്ണു സ്ഥലത്തുണ്ടായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Sund2B

Comments

Archive

Contact Form

Send