സുരേന്ദ്രന്‌ ശാസന , അമിത്‌ ഷായെ കാണാൻ അനുമതി നിഷേധിച്ചു ; പ്രകാശ്‌ ജാവദേക്കറും കൂടിക്കാഴ്‌ചയ്‌ക്ക്‌ വിസമ്മതിച്ചു

-
ന്യൂഡൽഹി
ദയനീയമായ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്ക് നാണക്കേടായ കുഴൽപ്പണ–- കള്ളപ്പണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ ശാസന. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ് വ്യാഴാഴ്ച സുരേന്ദ്രനെ ഡൽഹിയിലെ വസതിയിൽ വിളിച്ചുവരുത്തി ശാസിച്ചത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽ കണ്ട് വിശദീകരണം നൽകാനുള്ള സുരേന്ദ്രന്റെ നീക്കവും പരാജയപ്പെട്ടു. അമിത് ഷായെ കാണാൻ അനുമതി തേടിയെങ്കിലും നിരാകരിക്കപ്പെട്ടു. വനം–-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയേക്കാൾ കുഴൽപ്പണ–- കള്ളപ്പണ വിവാദമാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിവാദങ്ങളിൽ ക്ഷുഭിതരാണെന്ന് നഡ്ഡ വ്യക്തമാക്കി. കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ട് സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗം അടിച്ചുമാറ്റിയെന്ന ഉറച്ചവിശ്വാസത്തിലാണ് നഡ്ഡയടക്കമുള്ള നേതാക്കൾ. ഇത് വ്യക്തമാക്കുന്ന തെളിവുകൾ സുരേന്ദ്രന് മുമ്പാകെ നിരത്തി. സുരേന്ദ്രൻ–- മുരളീധരൻ കൂട്ടുക്കെട്ടിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിക്കൽ അടക്കം, ക്രമക്കേടുകൾക്കെതിരായി സംസ്ഥാനത്തുനിന്ന് ലഭിച്ച നാൽപ്പതോളം പരാതി മുന്നിൽവച്ചായിരുന്നു നഡ്ഡയുടെ ചോദ്യംചെയ്യൽ. ഇ ശ്രീധരൻ, ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവർ നൽകിയ ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങളും അക്കമിട്ട് നിരത്തി. സി കെ ജാനുവിന് 10 ലക്ഷം, കെ സുന്ദരയ്ക്ക് രണ്ടര ലക്ഷം തുടങ്ങിയ വിവാദങ്ങളും ദേശീയ അധ്യക്ഷൻ ഉയർത്തി. ഒരു വിഷയത്തിലും തൃപ്തികരമായ വിശദീകരണം സുരേന്ദ്രനുണ്ടായില്ലെന്നാണ് പാർടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

വിവാദങ്ങളിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമാകും നേതൃമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുക. യുപി, ബംഗാൾ, കർണാടക എന്നിവിടങ്ങളിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാനാണ് ദേശീയ നേതൃത്വം മുൻഗണന നൽകുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cvd0Kg

Comments

Archive

Contact Form

Send