"മൂകസാക്ഷിയാകാനാകില്ല; വാക്സിന് നയം പുന:പരിശോധിക്കണം'; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്ഹി > കേന്ദ്രസര്ക്കാരിന്റെ കോവിഡ് വാക്സിന് നയത്തിനെതിരെ രൂക്ഷവിമര്ശനവുമായി സുപ്രീംകോടതി. വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്കുമെന്ന് പറഞ്ഞതിനുശേഷം 18നും 44നും ഇടയില് പ്രായമുള്ളവര്ക്ക് കേന്ദ്രം വില ഈടാക്കുന്നത് ഏകപക്ഷീയമായ നടപടിയാണെന്ന് കോടതി പറഞ്ഞു.
വാക്സിന് സംഭരിച്ചതിന്റെ മുഴുവന് രേഖകളും സത്യവാങ്മൂലമായി സമര്പ്പിക്കണം. പൊതുഫണ്ട് കൂടി ഉപയോഗിച്ചാണ് വാക്സിന് വികസിപ്പിച്ചത്. നയങ്ങള് പൗരന്റെ അവകാശങ്ങള് കവര്ന്നെടുക്കുമ്പോള് മൂകസാക്ഷിയാകാനാകില്ല. വാക്സിന് നയം പുന:പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
ശാസ്ത്രീയമായ വിശകലനത്തിലൂടെ ഏതു പ്രായക്കാര്ക്കാണ് മുന്ഗണന നല്കേണ്ടതെന്നു തീരുമാനിക്കുന്നതില് അപാകതയില്ല. എന്നാല് 18-44 പ്രായക്കാര്ക്കും വാക്സിന് നല്കേണ്ടത് പ്രധാനം തന്നെയാണ്. അതുകൊണ്ടുതന്നെ ആദ്യ രണ്ടു ഘട്ടത്തില് പ്രഖ്യാപിച്ചവര്ക്കു മാത്രം സൗജന്യവാക്സിന് എന്ന കേന്ദ്ര നയം പ്രഥമദൃഷ്ട്യാ സ്വേഛാപരവും അയുക്തികവുമാണ്- ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എല് നാഗേശ്വര് റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര് അടങ്ങിയ ബെഞ്ച് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
വാക്സിന് സൗജന്യമായി നല്കുമോയെന്ന് സംസ്ഥാനങ്ങള് അറിയിക്കണം. രാജ്യത്ത് ഡിജിറ്റല് വിഭജനം നിനിലനില്ക്കുന്നുണ്ട്. കോവിന് പോര്ട്ടല് വഴി വാക്സിനേഷന് രജിസ്റ്റര് ചെയ്യാന് കഴിയാത്തവര്ക്കായി എന്ത് സംവിധാനമാണ് കേന്ദ്രം ഒരുക്കുന്നതെന്നും കോടതി ചോദിച്ചു.
കോടതി ആവശ്യപ്പെട്ട രേഖകള് രണ്ടാഴ്ച്ചയ്ക്കകം സമര്പ്പിക്കണം. ജൂണ് 30ന് കേസ് വീണ്ടും പരിഗണിക്കും.
Credits National || Deshabhimani Online News https://ift.tt/3cbY03s
Comments