വയക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി
കോന്നി /കൊല്ലം > കൊക്കാത്തോട് വയക്കര പാലത്തിനടിയിൽ സ്ഫോടക വസ്തുക്കൾ നിർമിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. ഉപേക്ഷിക്കപ്പട്ട 96 ജലാറ്റിൻ സ്റ്റിക്ക് വനപാലകർ കസ്റ്റഡിയിലെടുത്തു. ഒരു മാസം പഴക്കമുള്ളതായി കണക്കാക്കുന്നു.
സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ പൊലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം ഊർജിതമാക്കി .
ദക്ഷിണമേഖലാ ഡിഐജി സജ്ഞയ്കുമാർ ഗരുഡ്, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ജോസ് എന്നിവർ ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡിന് നേതൃത്വം നൽകുന്ന ഡിഐജി അനൂപ് കുരുവിളയുടെ നേതൃത്വത്തിലാണ് അന്വേഷണം. എൻഐഎ ഉൾപ്പെടെ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സംഭവം അന്വേഷിക്കുന്നുണ്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം അടുത്തദിവസം സ്ഥലത്ത് പരിശോധന നടത്തും.
ജലാറ്റിൻ സ്റ്റിക്ക് ട്രിച്ചിയിലെ ഫാക്ടറിയിൽ നിർമിച്ചതാണെന്നു കണ്ടെത്തി. ജലാറ്റിൻ സ്റ്റിക്കിൽ ‘സൺ 19’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പാടം വനമേഖലയിലും പരിസരങ്ങളിലും തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പരിശീലന ക്യാമ്പ് ജനുവരിയിലും ഫെബ്രുവരിയിലും നടന്നിരുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് കേരള പൊലീസിനെ അറിയിച്ചിരുന്നു. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പ് ഉത്തർപ്രദേശിൽ എൻഐഎയുടെ പിടിയിലായ രണ്ടു മലയാളികളിൽ പന്തളം സ്വദേശി പാടത്തുനിന്ന് ആയുധപരിശീലനം നേടിയതായി മൊഴി നൽകിയിരുന്നു. തുടർന്ന് എൻഐഎ, കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച്, തമിഴ്നാട് ക്യൂ ബ്രാഞ്ച് അടക്കമുള്ളവർ ഇവിടെ രഹസ്യ പരിശോധന നടത്തി.
പത്തനംതിട്ട ജില്ലയിലെ കോന്നി കോക്കത്തോട്, വയക്കര എന്നിവിടങ്ങളിൽനിന്ന് ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയതും പത്തനാപുരം പാടം സംഭവവുമായി ബന്ധമുണ്ടോ എന്നതും അന്വേഷണിക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2RYLTA1
Comments