"കൊമ്പുകോർത്ത്' മണിയാശാനും കടകംപള്ളിയും
തിരുവനന്തപുരം > രാഷ്ട്രീയത്തിലും നിയമസഭയിലും ഒറ്റക്കെട്ടെങ്കിലും ഫുട്ബോളിന്റെ കാര്യത്തിൽ മണിയാശാനും കടകംപള്ളിയും ബദ്ധവൈരികളാണ്. മണിയാശാൻ അർജന്റീനയുടെ കട്ട ഫാനാണ്. കടകംപള്ളി ബ്രസീലിന്റെയും. മുൻ മന്ത്രിമാരുടെ എറ്റുമുട്ടൽ ഇക്കുറി ഫേസ്ബുക്കിലേക്കും പടർന്നതോടെ ആരാധകർ അതേറ്റെടുത്ത് വൈറലാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കടമെടുത്തായിരുന്നു മണിയാശാന്റെ സൂപ്പർ കിക്ക്. ‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ചെഗുവേരയുടെ അർജന്റീന, മറഡോണയുടെ അർജന്റീന, അർജന്റീനയുടെ ഫാൻ വാമോസ് അർജന്റീന’ എന്നായിരുന്നു ഫെയ്സ്ബുക് കുറിപ്പ്.
.jpg)
ഇതിന്റെ താഴെയാണ് ‘ആശാനേ ഇത്തവണ കപ്പ് ഞങ്ങൾക്കാണ്, മഞ്ഞപ്പട’യെന്ന കമന്റിനൊപ്പം ബ്രസീൽ ടീമിന്റെ പടവും ഉൾപ്പെടുത്തി കടകംപള്ളി ഗോൾ പായിച്ചത്. അവിടെയും തീർന്നില്ല പോര്. ‘ആത്മവിശ്വാസം നല്ലതാണ് അവസാനം വരെയെന്ന്’ മണിയാശാൻ തിരിച്ചടിച്ചു.
മൈതാനത്തെ വെല്ലുന്ന നേതാക്കളുടെ പോരാട്ടം ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു. വരും ദിനങ്ങളിലും കളിപ്പോര് ചൂടുപിടിക്കും.
കുത്തിപ്പൊക്കി സ്വരാജിന്റെ പോസ്റ്റും
2016 ജൂൺ 18ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റും ആരാധകർ കുത്തിപ്പൊക്കി.
‘അർജന്റീന, സഫലമാകാത്ത പ്രണയങ്ങളിൽ, പരാജയപ്പെട്ട യുദ്ധങ്ങളിൽ, പട്ടുപോയ സ്വപ്നങ്ങളിൽ, അത്രമേൽ വേദനയുടെ മാധുര്യവും സൗന്ദര്യവും വേറെ മറ്റെവിടെയാണുണ്ടാകുക?
മഹാ നഷ്ടങ്ങൾ... കടുത്തതാം തോൽവികൾ കരുത്തരാക്കി മാറ്റിയ ജനതയാണ് നാം’ എന്ന പോസ്റ്റാണ് അർജന്റീന ആരാധകർ വീണ്ടും കമന്റിട്ട് ‘ലൈവാ’ക്കിയത്.
എന്നാൽ, ബ്രസീൽ ഫാൻസും വെറുതെയിരുന്നില്ല ‘സഖാവേ ഇങ്ങളോട് മൊത്തത്തിൽ യോജിപ്പാണ്... പച്ചേങ്കി ബ്രസീലിനെ വിട്ടൊരു കളിയില്ല’ എന്നായിരുന്നു ഇതിന് മഞ്ഞപ്പട ആരാധകന്റെ കമന്റ്. മുൻമന്ത്രി ഇ പി ജയരാജനും യു പ്രതിഭ എംഎൽഎയും തങ്ങളുടെ ഇഷ്ട ടീമായ അർജന്റീനയ്ക്കായി ഫെയ്സ്ബുക്ക് പോരിലുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/35m3Onv
Comments