സുരേന്ദ്രൻ സൂത്രധാരൻ , കവർച്ച ചെയ്ത പണം ബിജെപിയുടേത് ; 625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികൾ
തൃശൂർ
ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കുഴൽപ്പണം കടത്തിയത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെയെന്ന് കുറ്റപത്രം. കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷകസംഘം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബംഗളൂരുവിൽനിന്നാണ് ബിജെപി ഹവാലപണം ഇറക്കിയതെന്നും വ്യക്തമാക്കുന്നു. കുഴൽപ്പണ കവർച്ചാകേസിന്റെ ആദ്യഘട്ട കുറ്റപത്രമാണ് എസിപി വി കെ രാജു വെള്ളിയാഴ്ച സമർപ്പിച്ചത്.
625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികളാണുള്ളത്. കെ സുരേന്ദ്രനും മകൻ ഹരികൃഷ്ണനും സാക്ഷികളാണ്. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ, തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, മേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ജനറൽ സെക്രട്ടറി ഹരി, ട്രഷറർ സുജയ്സേനൻ, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത തുടങ്ങിയ നേതാക്കളും ധർമരാജനും ഉൾപ്പെടെ 219 സാക്ഷികളുണ്ട്. ബിജെപി നേതാക്കളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ, ധർമരാജനും ബിജെപി നേതാക്കളും നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ എന്നിവയും കുറ്റപത്രത്തിലുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴൽപണത്തിൽ 6.3 കോടി തൃശൂരിൽ കൈമാറി. മൂന്നരക്കോടി ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് എത്തിക്കാനായിരുന്നു ഇടനിലക്കാരൻ ധർമരാജന് സംഘടനാ സെക്രട്ടറി എം ഗണേശനും ഓഫീസ് സെക്രട്ടറി ജി ഗിരീഷും നൽകിയ നിർദേശം. കവർച്ച ചെയ്ത മൂന്നരക്കോടിയിൽ ഒന്നരക്കോടിയോളം രൂപയാണ് ഇതുവരെ കണ്ടെത്തിയത്. ശേഷിക്കുന്ന പണം കണ്ടെത്താൻ തുടരന്വേഷണം ആവശ്യമാണ്.
ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് കവർച്ച നടത്തിയത്. ഏഴിനാണ് പരാതി നൽകിയത്. 25 ലക്ഷം കവർന്നതായാണ് ധർമരാജന്റെ ഡ്രൈവർ ഷംജീർ ആദ്യം പരാതിപ്പെട്ടത്. പിന്നീട് അന്വേഷണത്തിലാണ് കുഴൽപ്പണ ഇടപാട് പുറത്തായത്.
ഇഡി അന്വേഷിക്കണം
തെരഞ്ഞെടുപ്പിന് മൂന്നുനാൾമുമ്പുള്ള കുഴൽപ്പണ ഇടപാട് ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുമുണ്ട്. ഇവയും അന്വേഷിക്കുമെന്നും കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുംവിധമുള്ള ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും കുറ്റപത്രം ആവശ്യപ്പെടുന്നു. പൊലീസ് കണ്ടെത്തലുകളും കുറ്റപത്രത്തിന്റെ കോപ്പിയും ഇഡിക്കും ആദായനികുതിവകുപ്പിനും കൈമാറും.
Credits Kerala || Deshabhimani Online News https://ift.tt/3ePy0fN
Comments