കെ സുരേന്ദ്രൻ തെറിക്കും; പുതിയ പ്രസിഡന്റിനായി സർവേ
കൊച്ചി
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പദവിയിൽനിന്ന് നീക്കാൻ ബിജെപി കേന്ദ്ര നേതൃത്വം. പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ അഭിപ്രായ സർവേയും ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും കൊടകര കുഴൽപ്പണക്കേസും പാർടിക്ക് സംസ്ഥാനത്ത് വലിയ അപമാനമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സുരേന്ദ്രനുപകരം പരിവാർ സംഘടനാ നേതാക്കളെ പ്രസിഡന്റാക്കി മുഖം രക്ഷിക്കാനാണ് കേന്ദ്രനീക്കം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ സുരേന്ദ്രന് ബന്ധമുള്ളതായി ആരോപണമുയർന്നിരുന്നു. സുരേന്ദ്രനെ തൃശൂരിൽ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. തെളിവുകൾ സുരേന്ദ്രനിലേക്ക് നീളുകയും അറസ്റ്റ് ഉണ്ടാകുകയും ചെയ്താൽ അത് പാർടിക്ക് വൻതിരിച്ചടിയാകുമെന്ന ഭയം കേന്ദ്ര നേതൃത്വത്തിനുണ്ട്.
മഞ്ചേശ്വരത്ത് അപരനെ മാറ്റാൻ രണ്ടുലക്ഷം രൂപയും സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് പത്തുലക്ഷംരൂപയും നൽകിയത് പാർടിക്ക് തിരിച്ചടിയായി. രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയായിട്ടും ഒന്നിൽപ്പോലും വിജയം കണ്ടില്ല. ലക്ഷങ്ങൾ ചെലവിട്ട് സുരേന്ദ്രൻ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തിയത് അപഹാസ്യമായി. കുഴൽപ്പണ വിവാദംകൂടിയായതോടെ സുരേന്ദ്രനെ ഇനിയും ചുമക്കേണ്ട എന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.
നിലവിലെ സംസ്ഥാന നേതാക്കളായ എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരെ പരിഗണിക്കാൻ കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമില്ല. ന്യൂനപക്ഷ വിഭാഗത്തിൽ സ്വാധീനമുള്ളവരെയും നോട്ടമിടുന്നു. ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി, ബിഎംഎസ് തുടങ്ങിയ ഉപസംഘടന നേതാക്കളെ പ്രസിഡന്റാക്കാനും നീക്കമുണ്ട്. സർവീസിൽനിന്ന് വിരമിച്ച ഐഎഎസ്, ഐപിഎസ് നേതാക്കളെയും ലക്ഷ്യമിടുന്നു. ടി പി സെൻകുമാർ, സി വി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്.
ക്രിസ്ത്യൻ സമുദായത്തോട് ചായ്വുള്ളയാളെയും നേതൃത്വത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു. ബിജെപിക്ക് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കണമെങ്കിൽ ന്യൂനപക്ഷപിന്തുണ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ആർഎസ്എസ് പിന്തുണയുള്ള കുമ്മനം രാജശേഖരനെ വീണ്ടും പ്രസിഡന്റാക്കാൻ നിർദേശമുയർന്നെങ്കിലും കേന്ദ്രമന്ത്രി വി മുരളീധരനും ചില കേന്ദ്ര നേതാക്കൾക്കും എതിർപ്പാണ്.
Credits Kerala || Deshabhimani Online News https://ift.tt/2UPugUf
Comments