മുൻ വൈദികനെതിരായ പീഡനക്കേസ്: ശാസ്‌ത്രീയ തെളിവ് ലഭ്യമല്ലെന്ന് പൊലീസ്
കൊച്ചി
തൃശൂരിൽ മുൻ വൈദികൻ യുവതിയെ പീഡിപ്പിച്ച കേസിൽ ശാസ്ത്രീയമായ തെളിവുകൾ ലഭ്യമല്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. 2016ൽ നടന്ന സംഭവമായതിനാൽ മൊബൈൽഫോൺ രേഖകൾ ലഭ്യമല്ലെന്നും പ്രതി അക്കാലത്ത് ഉപയോഗിച്ച മൊബൈൽഫോൺ കണ്ടെടുക്കേണ്ടതുണ്ടെന്നും കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്പി ജി പൂങ്കുഴലി കോടതിയെ അറിയിച്ചു.
യുവതിയുടെ പരാതി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണെന്നും ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി വ്യക്തമാക്കി. ഇരയുടെയും അയൽക്കാരുടെയും കോളനിയിലെ മറ്റു താമസക്കാരുടെയും മൊഴികൾ എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. കോളനിയിൽ വിതരണം ചെയ്ത നോട്ടീസ് ഇര ഹാജരാക്കിയിട്ടുണ്ട്.
ഇരയുടെ മെഡിക്കൽ പരിശോധന നടന്ന ദിവസം പ്രതി ആശുപത്രിയിൽ എത്തിയെന്ന പരാതി അന്വേഷിച്ചെന്നും പ്രതി സ്ഥലത്തുണ്ടായിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസിനെതിരെ ഇരയുടെ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണം തൃപ്തികരമല്ലെന്ന യുവതിയുടെ ഹർജിയെ തുടർന്നാണ് കോടതി റിപ്പോർട്ട് തേടിയത്.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. 2016ൽ യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി പീഡിപ്പിക്കുകയും മൊബൈൽഫോണിൽ ചിത്രങ്ങൾ പകർത്തിയശേഷം വിവരം പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിവാഹശേഷവും പ്രതി ഭീഷണി തുടരുകയാണെന്നുമാണ് ഹർജിയിലെ ആരോപണം.
Credits Kerala || Deshabhimani Online News https://ift.tt/3xP4bDt
Comments