ഒപ്പം കൂടിയില്ല; ഏകനായി ‘ഇരുന്ന്’ ചെന്നിത്തല
തിരുവനന്തപുരം
നിയമസഭയിലെ പ്രതിപക്ഷ ബഹളത്തിൽ പങ്കുചേരാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രങ്ങളുയർത്തിയും മുദ്രാവാക്യം മുഴക്കിയും പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കിയപ്പോൾ രണ്ടാംനിരയിൽ ഏകനായി ഇരുന്നു അദ്ദേഹം. ബഹിഷ്കരിച്ചപ്പോഴും അവസാനക്കാരനായി. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കിയ നേതൃത്വത്തോടുള്ള കടുത്ത പ്രതിഷേധം ചെന്നിത്തലയുടെ സഭാ പ്രകടനത്തിലും വ്യക്തം.
അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ പി ടി തോമസും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. 2015ലെ പ്രതിഷേധത്തിനിടെ ‘ശിവദാസൻ നായരെ ജമീല പ്രകാശം കടിച്ചെ’ന്ന തോമസിന്റെ പരാമർശം ഒച്ചപ്പാടിനിടയാക്കി. പച്ചക്കള്ളമാണ് തോമസ് പറയുന്നതെന്ന് ഭരണപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. സതീശൻ കെ എം മാണിയെ മോശമാക്കുംവിധം തുടർച്ചയായി പരാമർശിച്ചതിലും ഭരണപക്ഷം പ്രതിഷേധിച്ചു. ചർച്ചയ്ക്കിടെ കേരള കോൺഗ്രസ് എം അംഗങ്ങൾതന്നെ യുഡിഎഫ് നേതാക്കളുടെ ദുഷ്ടലാക്ക് തുറന്നുകാട്ടി.
പാമൊലിൻ കേസിൽ കേവലം വകുപ്പുകൈമാറ്റംകൊണ്ട് പ്രശ്നം തീർക്കാൻ ശ്രമിച്ചവരാണ് ഇന്ന് കോടതിയുടെ പേരെടുത്തുള്ള പരാമർശംപോലുമില്ലാത്ത കാര്യത്തിൽ രാജി ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്ന് ബന്ധപ്പെട്ട വ്യക്തി വിജിലൻസ് വകുപ്പ് മറ്റൊരാൾക്ക് കൈമാറി അധികാരത്തിൽ തുടർന്നു. ആരുടെയും രാജിയുടെ പ്രശ്നം ഉദിക്കുന്നില്ല–- മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷാംഗങ്ങൾ സഭാനടപടികൾ ബഹിഷ്കരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3l6uzW5
Comments