ആയിഷയെ കൊച്ചിയിലും ചോദ്യം ചെയ്‌തു; ലാപ്‌ടോപ് പിടിച്ചെടുത്തു
കൊച്ചി
ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സിനിമാ സംവിധായിക ആയിഷ സുൽത്താനയെ കവരത്തി പൊലീസ് കൊച്ചിയിലെത്തി ചോദ്യം ചെയ്തു. രണ്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം ആയിഷയുടെ സഹോദരന്റെ ലാപ്ടോപ് പൊലീസ് സംഘം പിടിച്ചെടുത്തു. നേരത്തേ കവരത്തി പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്തശേഷം ആയിഷയുടെ മൊബൈൽഫോൺ പിടിച്ചെടുത്തിരുന്നു.
വ്യാഴാഴ്ച പകൽ മൂന്നോടെ കവരത്തിയിൽനിന്നുള്ള അഞ്ചംഗ പൊലീസ് സംഘമാണ് കാക്കനാട്ടുള്ള ആയിഷയുടെ ഫ്ലാറ്റിൽ എത്തിയത്. മുൻകൂട്ടി അറിയിക്കാതെയും നോട്ടീസ് നൽകാതെയുമാണ് ചോദ്യം ചെയ്യലിന് പൊലീസ് ഫ്ലാറ്റിൽ എത്തിയതെന്ന് ആയിഷ പറഞ്ഞു. ഫ്ലാറ്റിൽ മുഴുവൻ പരിശോധന നടത്തിയ പൊലീസ്, ആയിഷയുടെ സഹോദരന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു.
തുടർന്നാണ് ലാപ്ടോപ് പിടിച്ചെടുത്തത്. പൊലീസ് സംഘം കൊച്ചിയിൽ തുടരുമെന്നും വരുംദിവസങ്ങളിലും പരിശോധനയും ചോദ്യം ചെയ്യലും ഉണ്ടായേക്കുമെന്നുമാണ് സൂചന. ആയിഷയുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്തേക്കും.
Credits Kerala || Deshabhimani Online News https://ift.tt/36lIv5Z
Comments