സംസ്ഥാനത്ത്‌ സാമ്പത്തിക കുറ്റാന്വേഷണ പൊലീസും

തിരുവനന്തപുരം > ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേരള പൊലീസ് ‘ഇക്കണോമിക് ഒഫൻസ് വിങ്’ രൂപീകരിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിൽ പൊലീസ് ആസ്ഥാനത്താകും പ്രവർത്തനം.

ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിയുടെ നേതൃത്വത്തിൽ നോർത്ത്, സൗത്ത് മേഖലകളിൽ ഡിഐജിമാരുടെ നേതൃത്വത്തിലും നാല് റേഞ്ചിൽ എസ്പിമാരുടെ നേതൃത്വത്തിലും ഓഫീസുണ്ടാകും. സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാലാണ് പുതിയ അന്വേഷണ വിഭാഗം. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി വിശദമായ റിപ്പോർട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി.

ഇ–-കൊമേഴ്സ് സജീവമായതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ വ്യാപകമാണ്. എടിഎം തട്ടിപ്പുകളും വർധിക്കുന്നു. നൈജീരിയ ഉൾപ്പെടെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പലതും. വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ചുള്ളതും സ്വകാര്യ ചിട്ടി, ബ്ലേഡ് പലിശ തട്ടിപ്പുകളും ഏറുകയാണ്.

നേരത്തേ ക്രൈംബ്രാഞ്ചിന് കീഴിൽ ഡിഐജിയുടെ നേതൃത്വത്തിൽ ‘ഇക്കണോമിക് ഒഫൻസ് വിങ്’ പ്രവർത്തിച്ചിരുന്നുവെങ്കിലും ക്രൈംബ്രാഞ്ച് പുനഃസംഘടനയുടെ ഭാഗമായി താഴേതട്ടിലേക്ക് മാറ്റി.
സൈബർ, സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പരിശീലനം നേടിയ വിഭാഗം വേണമെന്ന് പൊലീസ്, ജയിൽ പരിഷ്കരണത്തിനുള്ള ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമീഷൻ നിർദേശിച്ചിരുന്നു. ഗവർണറുടെ നയപ്രഖ്യാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പുതിയ പദ്ധതി. വിവിധ സംസ്ഥാനങ്ങളിലെ സമാനമായ പൊലീസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.

അന്വേഷിക്കുന്നവ

ഓൺലൈൻ വ്യാപാരത്തിലെ കുറ്റകൃത്യങ്ങൾ, എടിഎം തട്ടിപ്പ്, സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ്, ഓഹരികമ്പോളത്തിലെ കബളിപ്പിക്കൽ, സ്വകാര്യ ചിട്ടി തട്ടിപ്പ്, ബ്ലേഡ് പലിശ തുടങ്ങിയവ ഇക്കണോമിക് ഒഫൻസ് വിങ് അന്വേഷിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3zbKru5

Comments

Archive

Contact Form

Send