രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത്

കൊച്ചി > കോവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതം പതുക്കെയെങ്കിലും മാറുന്നു. ജൂൺമാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലിധികം വർധനവ് രേഖപ്പെടുത്തി. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആദ്യമായാണ് കൊച്ചി രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തുന്നത്.

2021 ജനുവരി മുതൽ മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ കൊച്ചി വിമാനത്താവളത്തിലൂടെ 5,89,460 രാജ്യാന്തര യാത്രക്കാർ കടന്നുപോയി. ഇതോടെ കൊച്ചി വിമാനത്താവളം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്തെത്തി. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഇക്കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏപ്രിൽ മാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ 1,38,625 രാജ്യാന്തര യാത്രക്കാർ വന്നുപോയി. ഇക്കാര്യത്തിൽ ഡൽഹിക്കു പുറകെ രണ്ടാം സ്ഥാനം നേടാനായി. ജനുവരി-മെയ് മാസങ്ങളിൽ മൊത്തം 15,56,366 (അന്താരാഷ്ട/ ആഭ്യന്തര) യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. മഹാവ്യാധിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി വന്നിറങ്ങാൻ കഴിയുന്ന സ്ഥലം എന്ന നിലയ്ക്ക് കേരളത്തെ മാറ്റിയെടുത്ത സംസ്ഥാന സർക്കാർ നടപടിയാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്
ഐഎഎസ് വ്യക്തമാക്കി.

"വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉതകുന്ന നടപടികൾ സർക്കാർ സ്വീകരിച്ചു. എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ ആർ.ടി-പി.സി.ആർ പരിശോധന ഏർപ്പെടുത്തി. ജില്ലാ ഭരണകൂടം, റവന്യു, പോലീസ്, ആരോഗ്യ വകുപ്പുകളുടെ ഏകോപിത സംവിധാനം വിമാനത്താവളത്തിൽ പ്രവർത്തിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ സിയാൽ ശ്രദ്ധ പതിപ്പിച്ചു. അൾട്രാവൈലറ്റ് രശ്മികൾ ഉപയോഗിച്ച് ബാഗേജ് അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ രണ്ടു ടെർമിനലുകളിലും സിയാൽ സ്ഥാപിച്ചു. യു.ഇ.ഇ യിലേയ്ക്ക് പോകാനിരിക്കുന്ന യാത്രക്കാർക്കായി ദ്രുത കോവിഡ് പരിശോധനാ സംവിധാനം ഏർപ്പെടുത്താനും സിയാലിന് കഴിഞ്ഞു ' സുഹാസ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റേയും ഡയറക്ടർബോർഡിന്റേയും നിർദേശപ്രകാരം കൊച്ചി വിമാനത്താവളത്തിൽ ട്രാഫിക് പുരോഗതി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് യു.എ.ഇയിലേയ്ക്ക് പോകാനിനിരിക്കുന്ന യാത്രക്കാർക്കായി ദ്രുത ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രം കഴിഞ്ഞയാഴ്ച തുടങ്ങിയത്. എയർലൈൻ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുമായി മാനേജിങ് ഡയറക്ടർ ചർച്ചനടത്തുകയും ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന ട്രാഫിക് വളർച്ച ഉൾക്കൊള്ളത്തക്കവിധം സന്നാഹങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

ജൂണിൽ യാത്രക്കാരുടെ എണ്ണത്തിൽ പുരോഗതി സിയാൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ ഒന്നിന് മുവായിരത്തോളം പേരാണ് കൊച്ചി വിമാനത്താവളത്തിൽ വന്നുപോയത്. ജൂൺ 30 ന് 7012 പേർ യാത്രചെയ്തു. രണ്ടര ഇരട്ടിയോളം വർധനവ്. ജൂൺ മാസത്തിൽ മൊത്തം 1.43 ലക്ഷം പേർ യാത്രചെയ്തു. കോവിഡ് പൂർവ ഘട്ടത്തിൽ പ്രതിവർഷം ഒരുകോടി യാത്രക്കാർ സിയാൽ വഴി കടന്നുപോയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wk0zYN

Comments

Archive

Contact Form

Send