സ്‌റ്റോക്കില്ല, വാക്സിനേഷൻ പ്രതിസന്ധിയിൽ ; കേന്ദ്രം കനിയണം
തിരുവനന്തപുരം
സംസ്ഥാനത്ത് വാക്സിനേഷൻ കടുത്ത പ്രതിസന്ധിയിലേക്ക്. ചൊവ്വാഴ്ച വിതരണത്തിനുള്ളത് വളരെ കുറച്ച് ഡോസ്മാത്രം. പല ജില്ലയിലും സ്റ്റോക്കില്ല. പ്രതിദിനം നാലരലക്ഷത്തിലധികം ഡോസ് വിതരണംചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരിന് വലിയ വെല്ലുവിളിയാണ് വാക്സിൻ ക്ഷാമം. ഒന്നരലക്ഷത്തോളം ഡോസ് വാക്സിൻ തിങ്കളാഴ്ച വൈകിട്ട് ആറുവരെ വിതരണം ചെയ്തു.
രണ്ടായിരം കേന്ദ്രത്തിൽവരെ വാക്സിനേഷൻ നടന്നിരുന്നിടത്ത് തിങ്കളാഴ്ച 987 കേന്ദ്രത്തിലേ ഉണ്ടായുള്ളൂ. കേന്ദ്രം കൂടുതൽ വാക്സിൻ അനുവദിച്ചില്ലെങ്കിൽ വാക്സിനേഷൻ പ്രതിസന്ധിയിലാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 1.29 കോടി പേർക്ക് ആദ്യഡോസും 56 ലക്ഷംപേർക്ക് രണ്ടാം ഡോസും നൽകി. 36.95 ശതമാനം പേർ കുത്തിവയ്പെടുത്തു. ജനസംഖ്യാനുപാതികമായി ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. രണ്ടാം ഡോസിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു. 18നുശേഷം കൂടുതൽ വാക്സിൻ ലഭ്യമായിരുന്നു. വാക്സിൻ പരമാവധി ഉപയോഗിച്ച് വേഗത്തിൽ നൽകിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. സംസ്ഥാനത്തെ വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ കോവിൻ പോർട്ടലിലുണ്ട്. ഇത് സുതാര്യമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം 60 ലക്ഷം ഡോസ് വാക്സിൻ നൽകണമെന്ന് കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3iOXUl9
Comments