അതിഥിത്തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു ; രണ്ടുപേർ കസ്റ്റഡിയിൽ
എളേറ്റിൽ (താമരശേരി)
മൊബൈൽ പിടിച്ചുപറിക്കാനെത്തിയ സംഘം അതിഥിത്തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ബീഹാർ റിഷൻഗഞ്ച് സ്വദേശി അലി അക്ബറിനെ (23) യാണ് കവർച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ബുധനാഴ്ച വൈകിട്ട് താമരശേരിക്കടുത്ത് എളേറ്റിൽ വട്ടോളിയിലാണ് സംഭവം. കാക്കൂർ സ്വദേശികളായ കുന്നുമ്മൽതാഴം സാനു കൃഷ്ണൻ(18) മഞ്ഞളാംകണ്ടി മീത്തൽ ഷംനാസ്(23) എന്നിവരാണ് കൊടുവള്ളി പൊലീസിന്റെ കസ്റ്റഡിയിലുള്ളവർ.
എളേറ്റിൽ വട്ടോളിയിലെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന അലി അക്ബർ റോഡരികിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ സംഘം ഫോൺ ചെയ്യാൻ മൊബൈൽ ഫോൺ ചോദിച്ചു. നൽകിയ ഉടൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അലി അക്ബർ ബൈക്കിൽ മുറുക്കെ പിടിച്ചു. ഇതോടെ വലിച്ചിഴച്ചുകൊണ്ട് ബൈക്ക് കുറെദൂരം മുന്നോട്ട് പോയി. ഇതിനിടെ പിടിവിട്ട് അലി അക്ബർ റോഡിൽ വീണു. ബൈക്കിന്റെ നിയന്ത്രണം പാളി പിന്നിലിരുന്നയാളുടെ മൊബൈൽ ഫോൺ റോഡിൽ വീണു. ഈ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഇരുകാൽമുട്ടിനും ഗുരുതര പരക്കേറ്റ അലി അക്ബർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/3ylBHkv
Comments