നേതൃത്വം മാറണം; ലീഗിന് പരസ്യവിമർശവുമായി ജമാഅത്തെ ഇസ്ലാമി

കോഴിക്കോട് > മുസ്ലിംലീഗിൽ തലമുറ, ശൈലീമാറ്റം ആവശ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി. ഒരാളുടെ താൽപ്പര്യം ഉന്നതാധികാരസമിതി തീരുമാനമാകുന്ന രീതി മാറണം. ലീഗ് എംപിമാർ തികഞ്ഞ പരാജയമാണെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി. ജമാഅത്തെ വാരിക ‘പ്രബോധന’ത്തിന്റെ പുതിയ ലക്കത്തിലാണ്- നിയമസഭാ തെരഞ്ഞെടുപ്പിലെ ലീഗ് പരാജയം വിലയിരുത്തിയുള്ള വിമർശം. തെരഞ്ഞെടുപ്പിൽ ലീഗിനായി രംഗത്തിറങ്ങിയശേഷമാണ് പരസ്യ വിമർശനമെന്നതും ശ്രദ്ധേയം.

സംഘടനാപരമായും രാഷ്ട്രീയമായും നയപരമായും ലീഗ് അടിമുടി പൊളിച്ചെഴുതണം. നിലപാടില്ലായ്മ ലീഗിന്റെ തകർച്ചക്ക് കാരണമായി. മലപ്പുറത്ത് തിരിച്ചടിയുണ്ടായി. ജില്ലയിൽ എൽഡിഎഫ്, യുഡിഎഫ് വ്യത്യാസം കുറഞ്ഞതിനെപ്പറ്റി ആത്മപരിശോധനക്ക് തയ്യാറാകണമെന്നും ‘മുസ്ലിംലീഗ് വെല്ലുവിളി നേരിടുന്നുവോ’ എന്ന ലേഖനത്തിൽ ആവശ്യപ്പെടുന്നു.

രാഷ്ട്രീയ–-സാമൂഹിക വിഷയങ്ങൾ ചടുലതയോടെ അവതരിപ്പിക്കാൻ ലീഗ് നേതൃത്വത്തിനാകാറില്ല. പ്രസിഡന്റിനെ മുന്നിൽ നിർത്തി അദ്ദേഹം പറയുന്നതിനിടെ സമുന്നത നേതാവ് മൈക്ക് കൈയിലെടുത്ത് എന്തൊക്കെയോ പറഞ്ഞെന്ന് വരുത്തി അവസാനിപ്പിക്കുന്ന ലീഗ് വാർത്താസമ്മേളനങ്ങളിലെ പതിവുരീതി പരമദയനീയമാണ്.

ലീഗ് എംപിമാർമാർക്ക് മോഡിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഉറച്ച നിലപാടെടുക്കുന്നതിൽ വീഴ്ച പാടില്ലെന്നും ലേഖനത്തിൽ ഉപദേശമുണ്ട്. ലീഗിൽ ഒരുവിഭാഗം നേതൃത്വത്തിനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് ജമാഅത്തെയും രംഗത്തെത്തിയിരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hOVNx4

Comments

Archive

Contact Form

Send