കേന്ദ്ര പദ്ധതി പ്രഖ്യാപനത്തിൽമാത്രം ; ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ല : കെ എൻ ബാലഗോപാൽ
തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജ് പദ്ധതികൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യമന്ത്രിയും പങ്കെടുത്ത് കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽനിന്ന് ഇതാണ് ബോധ്യമാകുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊറട്ടോറിയത്തിൽ അനിശ്ചിതത്വം തുടരുന്നു. പ്രയാസത്തിൽ ബാങ്കുകൾ കൂടുതൽ ജനസൗഹൃദമാകേണ്ടതുണ്ട്. നോട്ടീസുകൾ അയക്കുന്നുണ്ടെങ്കിലും ജപ്തി നടപടിയിലേക്ക് ഇപ്പോൾ കടക്കില്ലെന്നാണ് പ്രതിനിധികൾ വ്യക്തമാക്കിയത്. നിക്ഷേപ–- വായ്പാ അനുപാതം ഉയർത്തണം. വ്യാപാരികൾക്കും വ്യവസായികൾക്കും നാലു ശതമാനത്തിൽ താഴെ പലിശയ്ക്ക് ബാങ്കുകൾക്ക് വായ്പ ലഭ്യമാക്കാനാകും. ബാക്കി പലിശ വഹിക്കാൻ സർക്കാർ തയ്യാറാണ്.
എന്നാൽ, വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകുന്നില്ല. ചെറുകിട ധനസ്ഥാപനങ്ങൾ വായ്പക്കാരെ വീട്ടിലെത്തി പീഡിപ്പിക്കുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നത് പരിഗണനയിലാണ്. കടയുടമകളും വാടകക്കാര്യത്തിൽ ഉദാര സമീപനം സ്വീകരിക്കണം.
പെട്രോളിയം കമ്പനികളുടെയും ബാങ്കുകളുടെയും ലാഭം കുതിക്കുമ്പോൾ പാവപ്പെട്ടവർക്ക് വായ്പാ സഹായംപോലും ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കൊക്കോണിക്സ് ലാപ്ടോപ്പുകളുടെ അനുബന്ധ സാധനങ്ങളിലെ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചതായി ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2V3Rx5m
Comments