ഇന്നും നാളെയും സമ്പൂർണ ലോക്‌ഡൗൺ ; പൊതുഗതാഗതം ഉണ്ടാകില്ല, അവശ്യ സേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ്‌


തിരുവനന്തപുരം
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗണായിരിക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊലീസ് പരിശോധന കർശനമാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യ സേവന മേഖലയ്ക്കായി കെഎസ്ആർടിസി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ മുപ്പൂട്ടായിരിക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.

നിയന്ത്രണം കടുപ്പിക്കും
രോഗസ്ഥിരീകരണ നിരക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണംകുറച്ച് ബാക്കിയുള്ളവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ 50 ശതമാനവും ‘സി’ വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരെയും ഉൾപ്പെടുത്തിയാകും ഓഫീസ് പ്രവർത്തനം. ‘ഡി’ വിഭാഗത്തിൽ അവശ്യ സർവീസിലുള്ളവർ ഒഴിച്ചുള്ള ഭൂരിപക്ഷം ജീവനക്കാരെയും ഇതിന് നിയോഗിക്കാനും കലക്ടർമാർക്ക് നിർദേശം നൽകി.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകളായി കണക്കാക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം ഏർപ്പെടുത്തും. സംസ്ഥാനത്ത് മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണ നിരക്ക് 12.1 ശതമാനമാണ്. 11 ജില്ലയിൽ 10 ശതമാനത്തിനും മുകളിലാണ്. മലപ്പുറത്ത് 17ഉം. സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കാൻ 60 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകണം. കേന്ദ്രസർക്കാരിൽനിന്ന് വാക്സിൻ കൃത്യമായി ലഭിച്ചാൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇത് സാധ്യമാകും. അതിവേഗം വാക്സിൻ എല്ലാവർക്കും നൽകാനാണ് ശ്രമം.

ഡെൽറ്റ വൈറസ് സാന്നിധ്യമുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ ജാഗ്രത കാട്ടണം. പെരുമാറ്റച്ചട്ടങ്ങൾ പെട്ടെന്ന് പിൻവലിക്കാനാകില്ല. വാക്സിനെടുത്തവർക്കും വന്നുപോയവർക്കും വീണ്ടും രോഗം വരാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TBMBUQ

Comments

Archive

Contact Form

Send