പരാതി പിൻവലിച്ചോണം ; ലൈംഗികാധിക്ഷേപം ‘ഖേദ’ത്തിലൊതുക്കി ലീഗ്‌


കോഴിക്കോട്
ഹരിത പ്രവർത്തകരോട് ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാതെ ലീഗ്. കുറ്റാരോപിതനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസടക്കം ഫെയ്സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചാൽ മതിയെന്നാണ് തീരുമാനം. വനിതാ കമീഷനിൽ നൽകിയ പരാതി ഹരിത പിൻവലിക്കുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു. ലീഗ് ഉന്നതർ കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോട്ടുമായി നടത്തിയ ചർച്ചയിലാണ് എംഎസ്എഫ് നേതാക്കളെ രക്ഷിക്കാനുള്ള ഒത്തുതീർപ്പ്. പകരം ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചത് ഒഴിവാക്കും. നവാസിനൊപ്പം മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവർക്കെതിരെയായിരുന്നു പരാതി. ജൂൺ 22ന് കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു അധിക്ഷേപകരമായ പരാമർശം. തുടർന്നാണ് 10 പ്രവർത്തകർ വനിതാ കമീഷനെ സമീപിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് ഇവരിൽ നിന്ന് മൊഴിയെടുത്തിരുന്നു.

മാപ്പിലും കുത്തി എംഎസ്എഫ്
ഹരിത നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശ്യമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്ന് നവാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ അവകാശപ്പെട്ടു. ഈ വിഷയത്തിൽ ലീഗിനെതിരായി താലിബാൻ ലീഗെന്നും സ്ത്രീവിരുദ്ധ പാർടിയെന്നും മറ്റും സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം സൂചിപ്പിച്ച് ഹരിത പ്രവർത്തകർക്കെതിരെ പരോക്ഷ വിമർശനവും ഉയർത്തി. മുസ്ലിംലീഗ് നേതൃത്വം നിർദേശിച്ച ഫെയ്സ്ബുക്ക് ഖേദപ്രകടനത്തിലാണ് ഹരിത നേതാക്കൾക്കെതിരായ പരോക്ഷ വിമർശം.

ഹരിത പരാതി പിൻവലിക്കില്ല
എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമീഷന് നൽകിയ പരാതി ഹരിത പിൻവലിക്കില്ലെന്ന് സൂചന. നിയമം നിയമത്തിന്റെ വഴിക്ക് എന്ന അഭിപ്രായമാണ് സംഘടനയിൽ ഭൂരിഭാഗത്തിനും.

ലീഗിന്റെ താക്കീതുള്ളതിനാൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തിയെന്ന പരാതിയിൽ നേതൃത്വത്തിന്റെ ഒത്തുതീർപ്പിലും ഇവർക്ക് വിയോജിപ്പുണ്ട്. എംഎസ്എഫ് നേതാക്കളെ രക്ഷിക്കാനുള്ള ധാരണയാണിതെന്നാണ് ഇവരുടെ പക്ഷം. അനുഭവിച്ച മാനസികപീഡനം നേതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ലെന്ന അമർഷവുമുണ്ട്. അധിക്ഷേപ പരാമർശം നടത്തിയവർക്ക് പരസ്യശാസനയോ സ്ഥാനമാറ്റമോ നൽകിയിട്ടില്ല. പകരം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് തെറ്റുചെയ്തില്ലെന്ന് ആവർത്തിക്കുകയും പ്രവർത്തകരെ മോശമാക്കി ചിത്രീകരിക്കുകയുമാണ്. ലിംഗനീതിയെക്കുറിച്ച് ഉയർത്തിയ വിഷയം മനസ്സിലാക്കുന്നതിൽ പാർടി പരാജയപ്പെട്ടു. എന്നാൽ ഇപ്പോൾ പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ഹരിത നേതാക്കൾ.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Wn5X0S

Comments

Archive

Contact Form

Send