വധശ്രമക്കേസിൽ ഒളിവിലായിരുന്ന ആർഎസ്എസുകാരൻ കഞ്ചാവുമായി പിടിയിൽ
പാളയം വധശ്രമക്കേസിൽ ഒളിവിലായിരുന്ന ആർഎസ്എസുകാരൻ കഞ്ചാവുമായി പിടിയിൽ. വെള്ളായണി ശ്രീജ നിവാസിൽ ശ്രീജിത്തി (28)നെയാണ് ജഗതിയിലെ വാടകവീട്ടിൽനിന്ന് 160 ഗ്രാം കഞ്ചാവുമായി മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് എസ് ആകൃതിയിലുള്ള കത്തിയും കണ്ടെടുത്തു.
ആർഎസ്എസ് വെള്ളായണി ശാഖാ ശിക്ഷകായിരുന്ന ശ്രീജിത്തിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ ആംബുലൻസ് സർവീസ് നടത്താനുള്ള അനുമതി ശ്രീജിത്തിനായിരുന്നു. ടെൻഡറില്ലാതെയാണ് ആംബുലൻസ് പഞ്ചായത്ത് വാടകയ്ക്ക് എടുത്തതെന്ന ആക്ഷേപം അന്ന് ഉയർന്നിരുന്നു. ഈ ആംബുലൻസ് സേവനം മറയാക്കി ഇയാൾ കഞ്ചാവ് കടത്തിയതായും പൊലീസ് സംശയിക്കുന്നു.
നേമം പാരൂർക്കുഴി ഷാജി വധശ്രമക്കേസിലും പുന്നമൂട്ടിൽ കട കത്തിച്ച കേസിലുമായി ഇയാൾ ഒളിവിലായിരുന്നു. നിരവധി തവണ കഞ്ചാവ് കേസിൽ ശ്രീജിത്ത് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.
തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയതായി പൊലീസ് പറയുന്നു.
നർകോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിലിന്റെയും കന്റോൺമെന്റ് അസി. കമീഷണർ അജിത് കുമാറിന്റെയും നേതൃത്വത്തിൽ മ്യൂസിയം പൊലീസും ഡാൻസാഫ് ടീമും നടത്തിയ അന്വേഷണത്തിൽ, മ്യൂസിയം സിഐ പി എസ് ധർമജിത്, എസ്ഐമാരായ ജിജുകുമാർ, പി ഡി സന്തു, ഷാനവാസ്, എഎസ്ഐ ഷാജി, സിപിഒമാരായ പ്രഭാകർ, ബിജു കൃഷ്ണൻ, ഡാൻസാഫ് ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്ത്, അനീസ് ബാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Credits Kerala || Deshabhimani Online News https://ift.tt/3DrTOsE
Comments