നെഞ്ചിൽ ഇടിയേറ്റു; ആസൂത്രിത ആക്രമണം: എളമരം കരീം
ന്യൂഡൽഹി
താൻ അടക്കം പ്രതിപക്ഷ എംപിമാർ രാജ്യസഭാ ചേംബറിൽ ആഗസ്ത് 11ന് ശാരീരിക ആക്രമണത്തിന് വിധേയരായ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി. ക്രൂരമായി ബലംപ്രയോഗിച്ചാണ് മാർഷൽമാർ എംപിമാരെ തടഞ്ഞത്. ചെയർമാനോട് സംസാരിക്കാൻ ചേംബറിലേക്ക് പോകാൻ ശ്രമിച്ച തന്നെ പിടിച്ചുവലിച്ച് തള്ളി. ഇതിനിടെ നെഞ്ചിൽ ശക്തമായ ഇടിയേറ്റതിനെത്തുടർന്ന് ഇപ്പോഴും ശാരീരിക അസ്വാസ്ഥ്യവും ശ്വാസംമുട്ടലുമുണ്ട്. ആക്രമിച്ച മാർഷലിനെ കണ്ടാൽ അറിയാം–- എളമരം കരീം കത്തിൽ പറഞ്ഞു.
പ്രതിഷേധവും തർക്കവും പരിഹരിക്കേണ്ടത് ഭരണ, പ്രതിപക്ഷ ചർച്ചവഴിയാണ്. വനിതകൾ അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ശാരീരികമായി ആക്രമിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത് ഇതാദ്യം. മാർഷൽമാരുടെ വേഷത്തിൽ പുറത്തുനിന്ന് കൊണ്ടുവന്നവരാണ് ചേംബറിൽ ഉണ്ടായിരുന്നതെന്ന് സംശയിക്കുന്നു. പാർലമെന്റ് മന്ദിരത്തിലോ രാജ്യസഭാ ചേംബറിലോ സാധാരണ ഇവരെ കണ്ടിട്ടില്ല.
പ്രതിഷേധിക്കുന്ന എംപിമാരെ ഉപദ്രവിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് മാർഷൽമാരെ മുൻകൂട്ടി ചേംബറിൽ നിയോഗിച്ചത്. സംഭവം വളച്ചൊടിക്കാനും തെറ്റിദ്ധരിപ്പിക്കാനും സഭയിൽ നടന്നതിന്റെ ഭാഗിക ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിമാർ പുറത്തുവിട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ച് പരാതികൾ നൽകി. സംഭവസമയത്തെ ദൃശ്യം രാജ്യസഭാ ടിവി സംപ്രേഷണം ചെയ്തിട്ടില്ല. ആഗസ്ത് 11ന് ജനറൽ ഇൻഷുറൻസ് ബിൽ സഭയിൽ അവതരിപ്പിക്കാൻ തുടങ്ങിയതുമുതലുള്ള ദൃശ്യങ്ങളുടെ പകർപ്പ് കൈമാറണമെന്നും എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/37FN4sl
Comments