ഹൃദയത്തോടുചേർന്ന് ഹൃദിൽ; നടുക്കുന്ന ഓർമയായി ആ ദിനം ; പുത്തുമല ദുരന്തത്തിന് നാളെ രണ്ടാണ്ട്
കൽപ്പറ്റ
‘‘പ്രളയം തട്ടിയെടുത്തതാ എന്റെ കുഞ്ഞിനെ. ഒരു നിമിഷത്തെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്’’. മരണത്തിൽനിന്ന് ജീവിതത്തിലേക്കുള്ള മടക്കയാത്രയെപ്പറ്റി പറയുമ്പോഴും പ്രജിതയുടെ ഓർമകളിൽ മലവെള്ളപ്പാച്ചിലിന്റെ ഇരമ്പം. തിരിച്ചുകിട്ടിയ ജീവിതത്തിന്റെ വിലയറിയാതെ രണ്ടുവയസ്സുകാരൻ ഹൃദിൽ അവളുടെ മടിയിലിരുന്ന് നിഷ്കളങ്കമായി പുഞ്ചിരിച്ചു. പുത്തുമല ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ് പ്രജിതയും കുഞ്ഞും. 2019 ആഗസ്ത് 8ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം.
എസ്റ്റേറ്റ് പാടിയിലേക്ക് ഇരച്ചെത്തുന്ന മലവെള്ളപ്പാച്ചിൽ പ്രജിതയുടെ അമ്മ യശോദയാണ് ആദ്യം കണ്ടത്. വൻമരങ്ങളും പാറക്കൂട്ടങ്ങളും വൃക്ഷങ്ങളും ആർത്തലച്ച് വരുന്നു. പ്രജിതയുടെ മൂത്ത മകൻ ഹിമൽകൃഷ്ണയെയും കൂട്ടി യശോദ ഓടി. അവർക്കൊപ്പം കുറച്ച് മുമ്പ് ഉണ്ടായിരുന്നവരെല്ലാം പ്രളയത്തിൽപ്പെട്ടു. തൊട്ടിലിലുറങ്ങുന്ന 52 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാരിയെടുത്ത് പ്രജിത പുറത്തേക്കിറങ്ങി. അപ്പോഴേക്കും വെള്ളം അരയ്ക്ക് മുകളിലെത്തിയിരുന്നു. സർവശക്തിയുമെടുത്ത് നിലവിളിച്ചുകൊണ്ട് ഓടി. കുഞ്ഞിനെ തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ രക്ഷകന്റെ കൈകളിൽ പ്രജിത കുഞ്ഞിനെ കൊടുത്തു. ആ കൈകൾതന്നെ അവളെയും ജീവിതത്തിലേക്ക് വലിച്ചുകയറ്റി. ഇപ്പോൾ ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ ഭർത്താവ് ബിനീഷിനും മക്കൾക്കുമൊപ്പം താമസിക്കുന്ന പ്രജിത ആ രക്ഷകന് നന്ദി പറയുകയാണ്. 17 പേർ മരിച്ച ദുരന്തത്തിൽ 12 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/3lDPDTX
Comments