സിബിഐയും ഐബിയും കോടതിയെ സഹായിക്കുന്നില്ല ; ആഞ്ഞടിച്ച് സുപ്രീംകോടതി
ന്യൂഡൽഹി
സിബിഐക്കും ഇന്റലിജൻസ് ബ്യൂറോ (ഐബി)യ്ക്കും എതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ഭീഷണി നേരിടുന്നതായി ജഡ്ജിമാർ പരാതി നൽകിയ സാഹചര്യങ്ങളിൽപ്പോലും സിബിഐയും ഐബിയും കോടതികളെ സഹായിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ജാർഖണ്ഡില് പ്രഭാതസവാരിക്കിടെ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതില് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് കേന്ദ്ര അന്വേഷണ ഏജൻസികളെ അതി രൂക്ഷമായി വിമർശിച്ചത്.
വിചാരണക്കോടതികളിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ ശാരീരികമായും മാനസികമായും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുണ്ടാകുന്നു. എസ്എംഎസ്, വാട്സാപ് സന്ദേശം ലഭിക്കുന്നു. ഒന്നുരണ്ട് തവണ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ ഒന്നും ചെയ്തില്ല. സിബിഐയുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നില്ല. ഇത് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. പക്ഷേ, ഇതാണ് അവസ്ഥ. പൂർണ ബോധ്യത്തോടെയാണ് ഇക്കാര്യം പറയുന്നത്. കൂടുതൽ വിശദീകരിക്കുന്നില്ല–-- ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാർക്ക് സംരക്ഷണം നൽകണമെന്നും സുരക്ഷ വർധിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. ജഡ്ജി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേര് അറസ്റ്റിലായെന്നും അന്വേഷണം സിബിഐക്ക് വിട്ടെന്നും അറിയിച്ച ജാർഖണ്ഡ് സർക്കാർ അഭിഭാഷകൻ രാജീവ് രഞ്ജനോട് "നിങ്ങൾ കൈകഴുകുകയാണോ' എന്ന് കോടതി ചോദിച്ചു. കേസ് ഒമ്പതിന് വീണ്ടും പരിഗണിക്കും.
സിബിഐക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസ് സൂര്യകാന്ത് കൂടി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജഡ്ജിമാരുടെ സുരക്ഷയെക്കുറിച്ച് റിപ്പോർട്ട് തേടി എല്ലാ സംസ്ഥാനത്തിനും നോട്ടീസ് അയക്കാനും നിർദേശിച്ചു. ഇക്കാര്യം 17ന് വീണ്ടും പരിഗണിക്കും.
Credits National || Deshabhimani Online News https://ift.tt/37ouyo6
Comments