യുഎസിലെ മോദിവിരുദ്ധ വികാരം മറച്ച് മാധ്യമങ്ങള്‍
ന്യുഡൽഹി
മോദിയുടെ അമേരിക്കന് സന്ദര്ശനത്തില് ഇന്ത്യന് മാധ്യമങ്ങള് ബിജെപിയുടെ പ്രചാരവേലക്കാരായി മാറിയെന്ന വിമര്ശം ശക്തമായി. യുഎന് ആസ്ഥാനത്തിന് മുന്നിലടക്കം അമേരിക്കയിലെ ഇന്ത്യന് വംശജര് മോദിക്കെതിരെ പ്രതിഷേധമുയര്ത്തിയത് ഇന്ത്യന് മാധ്യമങ്ങള് കണ്ടില്ലെന്ന് നടിച്ചു. ഇന്ത്യയില് കര്ഷകപ്രക്ഷോഭത്തെ പിന്തുണച്ചും ന്യൂനപക്ഷവേട്ടയില് പ്രതിഷേധിച്ചും നൂറുകണക്കിന് ഇന്ത്യന് വംശജര് മോദി സന്ദര്ശിച്ച നഗരങ്ങളിൽ ശബ്ദമുയര്ത്തി. സിഖ് വംശജരും സിഖ് അവകാശ സംഘടനകളും തെന്നിന്ത്യന് വംശജരായ അമേരിക്കക്കാരും ദളിത് സംഘടനകളും സര്വകലാശാലാ വിദ്യാര്ഥികളും ഇടതുപക്ഷ സംഘടനകളും സംയുക്തമായാണ് ഗോബാക്ക് മോദി മുദ്രവാക്യമുയര്ത്തി രംഗത്തുവന്നത്. അമേരിക്കന് മാധ്യമങ്ങള് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തെങ്കിലും ഭൂരിപക്ഷം ഇന്ത്യന് മാധ്യമങ്ങളും പ്രതിഷേധവാര്ത്ത തമസ്കരിച്ചു.
ഇന്ത്യന് കര്ഷകര്ക്കുവേണ്ടി മുമ്പ് നിരവധി തവണ അമേരിക്കയിലും ക്യാനഡയിലും വന്പ്രകടനങ്ങള് നടന്നിട്ടുണ്ട്. ഇന്ത്യന്വംശജരായ അമേരിക്കന് ജനപ്രതിനിധികള് മോദിയുടെ നയങ്ങളെ വിമര്ശിച്ച് രംഗത്ത് എത്തുകയുമുണ്ടായി. ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില് യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന് വംശജയുമായ കമല ഹാരിസ് എടുത്തുപറഞ്ഞതും ഇത്തരം വിമര്ശം ഉള്ക്കൊണ്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയില് ഇന്ത്യയില് നടക്കുന്ന ന്യൂനപക്ഷങ്ങള്ക്കെതിരായ മനുഷ്യാവകാശധ്വംസനം ഉന്നയിക്കണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന് സമിതി ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.
Credits National || Deshabhimani Online News https://ift.tt/3ii6VUn
Comments